അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ നാല് പന്തില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് നേടാനായതെങ്കിലും അഞ്ചാം പന്തില്‍ ഇന്ത്യയുടെ അരുന്ധതി റെഡ്ഡി എറിഞ്ഞ നോ ബോള്‍ കാരണം വിജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക. ആ പന്തില്‍ നിന്ന് 5 റണ്‍സ് പിറന്നപ്പോള്‍ അവസാന പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ലിസെല്ലേ ലീ – ലോറ വോള്‍വാര്‍ഡട് എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്ക 2-0ന് പരമ്പര വിജയം സാധ്യമാക്കിയത്. ലീ പുറത്തായ ശേഷം ലോറയാണ് ടീമിനെ കടമ്പ കടക്കുവാന്‍ സഹായിച്ചത്. 6 വിക്കറ്റ് വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്.
രണ്ടാം ഓവറില്‍ തന്നെ അന്നേ ബോഷിനെ പുറത്താക്കി രാജേശ്വരി ഗായക്വാഡ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. അധികം വൈകാതെ ക്യാപ്റ്റന്‍ സുനേ ലൂസിനെ(20) റണ്ണൗട്ട് രൂപത്തില്‍ ടീമിന് നഷ്ടമായപ്പോള്‍ ദക്ഷിണാഫ്രിക്ക 9.2 ഓവറില്‍ 66 റണ്‍സാണ് നേടിയത്.
ലിസെല്ലേ ലീ – ലോറ വോള്‍വാര്‍ഡട് സഖ്യം നേടിയ 50 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ലീയെ നഷ്ടമാകുകയായിരുന്നു. 45 പന്തില്‍ 70 റണ്‍സ് ആണ് അപകടകാരിയായ ലീ നേടിയത്. ലീ പുറത്തായ ശേഷം ലോറ, മിഗ്നണ്‍ ഡൂ പ്രീസിനെ കൂട്ടുപിടിച്ച് ലക്ഷ്യം 12 പന്തില്‍ 19 റണ്‍സാക്കി മാറ്റി. 18ാം ഓവര്‍ എറിഞ്ഞ രാധ യാദവ് വെറും ആറ് റണ്‍സ് വിട്ട് നല്‍കി തന്റെ സ്പെല്‍ അവസാനിപ്പിച്ചപ്പോള്‍ 4 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കി ലീയുടെ നിര്‍ണ്ണായക വിക്കറ്റ് നേടുകയായിരുന്നു.
19ാം ഓവറിന്റെ രണ്ടാം പന്തില്‍ മിഗ്നണ്‍ ഡു പ്രീസിനെ ഹര്‍ലീന്‍ ഡിയോള്‍ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി 10 റണ്‍സാണ് ഡു പ്രീസ് നേടിയത്. എന്നാല്‍ അതേ ഓവറിലെ അവസാന രണ്ട് പന്ത് ബൗണ്ടറി പായിച്ച് ലക്ഷ്യം അവസാന ഓവറില്‍ 9 റണ്‍സാക്കി ലോറ കുറച്ചു.
അവസാന ഓവറില്‍ ആദ്യ നാല് പന്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അരുന്ധതി റെഡ്ഢി ഇന്ത്യയ്ക്കായി വിജയം നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന രണ്ട് പന്തില്‍ താരം എറിഞ്ഞ നോ ബോള്‍ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു.
ഷെഫാലി വര്‍മ്മ(31 പന്തില്‍ 47 റണ്‍സ്) റിച്ച ഘോഷ്(26 പന്തില്‍ പുറത്താകാതെ 44 റണ്‍സ്) എന്നിവരുടെ പ്രകടനത്തിനൊപ്പം ഹര്‍ലീന്‍ ഡിയോള്‍ 31 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 158/4 എന്ന സ്കോര്‍ നേടുകയായിരുന്നു.