അവസാന നിമിഷം കളി കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്, കളിമാറിയത് ഒരു അത്ഭുത ഗോളിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന സീസണിലെ ആദ്യ ഐ എസ് എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം കളി കൈവിട്ടു. മുംബൈ സിറ്റിയോട് എതിരില്ലാത്ത ഒരു ഗോളിന് കേരളം മുന്നിട്ട് നിക്കുമ്പോൾ 94ആം മിനുട്ടിൽ ആയിരുന്നു സമനില ഗോൾ പിറന്നത്. പ്രാഞ്ചൽ ആണ് ഒരു 35 വാരെ അകലെ നിന്നുള്ള ഷോട്ടിലൂടെ കളിയുടെ ഫലം മാറ്റിയത്.

എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ ഇറങ്ങിയ ടീമിൽ മാറ്റമില്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്നും മികച്ച ഫുട്ബോൾ ആണ് ഗ്രൗണ്ടിൽ കാഴ്ചവെച്ചത്. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ കേരളത്തിന് മുന്നിൽ എത്താൻ സുവർണ്ണാവസരം ലഭിച്ചിരുന്നു. നർസാരിയുടെ പാസിൽ നിന്ന് ലെൻ ദുംഗലിന് ലഭിച്ച അവസരം പക്ഷെ അമ്രീന്ദർ സിംഗ് തടയുകയായിരുന്നു.

24ആം മിനുട്ടിൽ ലെൻ ദുംഗൽ നാർസരി സഖ്യം തന്നെയാണ് കേരളത്തിന്റെ ആദ്യ ഗോളിനു വേണ്ടിയും ഒന്നിച്ചത്. ഇത്തവണ ലെൻ ദുംഗലിന്റെ പാസ് സ്വീകരിച്ച നാർസരി അമ്രീന്ദറിനെ കീഴടക്കി ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിക്കുകയായിരുന്നു. ഈ ഗോളൊടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി നാർസാരി.

രണ്ടാം പകുതിയിൽ കുറച്ചു കൂടെ കരുതലോടെ കളിച്ച കേരളം വിജയം ഉറപ്പിക്കുന്നതിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ ചെലുത്തിയത്. രണ്ടാം പകുതിയിൽ സി കെ വിനീത്, കിസ്റ്റോ, പെകൂസൺ എന്നിവർ കേരളത്തിനായി കളത്തിൽ എത്തി. പക്ഷെ അവസാന നിമിഷങ്ങളിൽ കൂടുതൽ ഡിഫൻസിലേക്ക് പോയതും കിട്ടിയ അവസരങ്ങൾ തുലച്ച് കളഞ്ഞതും കേരളത്തിന് തിരിച്ചടിയായി.

സബായി ഇറങ്ങിയ 18കാരൻ പ്രാഞ്ചൽ ഭൂമിചിന്റെ ഗോൾ തടയാൻ ധീരജിനായില്ല. ധീരജ് വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. കളി ജയിച്ചില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആണ് ഇപ്പോൾ ലീഗിൽ ഒന്നാമത്.