ഡൽഹി ഡൈനാമോസ് താരം ചാങ്തെ ചെന്നൈയിനിൽ

Staff Reporter

ഡൽഹി ഡൈനാമോസ് താരം ലാലിയൻസുവാല ചാങ്തെയെ ചെന്നൈയിൻ എഫ്.സി സ്വന്തമാക്കി. നേരത്തെ നോർവീജിയൻ ക്ലബായ വൈക്കിംഗ് എഫ്.കെയിലേക്ക് താരം പോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം താരത്തിന്റെ ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു. തുടർന്നാണ് താരത്തെ ചെന്നൈയിൻ സ്വന്തമാക്കിയത്.  2017-18 സീസൺ മുതൽ ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസിന്റെ താരമായിരുന്നു ചാങ്തെ. ഈ കാലയളവിൽ 36 മത്സരങ്ങൾ കളിച്ച ചാങ്തെ 8 ഗോളുകളും ഡൽഹിക്ക് വേണ്ടി നേടിയിട്ടുണ്ട്.

22കാരനായ ചാങ്തെ ഇന്ത്യൻ ടീമിന്റെ ഭാഗം കൂടിയാണ്. നിലവിൽ ഗോവയിൽ നടക്കുന്നലോകകപ്പ് യോഗ്യതക്ക് വേണ്ടിയുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിലാണ് ചാങ്തെ. നേരത്തെ ഇന്ത്യൻ അണ്ടർ 19, അണ്ടർ 23 ടീമുകളുടെയും ഭാഗമായിരുന്നു ചാങ്തെ. ചെന്നയിനിൽ ചാങ്തെ ഏഴാം നമ്പർ ജേഴ്സിയാവും അണിയുക.  സെപ്റ്റംബർ 5നും സെപ്റ്റംബർ 10നും നടക്കുന്ന ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം ചാങ്തെ ചെന്നൈയിൻ ടീമിനൊപ്പം ചേരും.