കട്മത്ത് യാഹൂ സെവൻസ് സോക്കർ കപ്പിൽ കരുത്തരുടെ പോരാട്ടത്തിൽ കവരത്തി അൽ ബിയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ച് ആന്ത്രോത്ത് ബ്ലാക്ക്ബെറി എഫ്.സി കരുത്ത് കാട്ടി. വിരുന്നുകാരായ ഇരു ടീമുകൾക്കും ആദ്യ മത്സരം ആയിരുന്നു ഇത്. അതിനാൽ തന്നെ തുടക്കത്തിൽ ഇരു ടീമുകളും താളം കണ്ടത്താൻ വിഷമിക്കുന്നത് ആണ് കണ്ടത്. എന്നാൽ പതിയെ ചൂട് പിടിച്ച മത്സരം എളുപ്പം തന്നെ ആവേശകരമായി മാറി. ഇടക്ക് ഇരു ടീമുകളും അവസരങ്ങൾ തുറന്നെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മുഹമ്മദ് ആണ് ബ്ലാക്ക്ബെറിക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ആദ്യ പകുതിയുടെ അവസാനനിമിഷങ്ങളിൽ വലത് ഭാഗത്തിലൂടെ ബ്ലാക്ക്ബെറി നടത്തിയ മുന്നേറ്റം മുഹമ്മദ് ലക്ഷ്യം കാണുക ആയിരുന്നു. മികച്ച ടീം ഗോൾ ആയിരുന്നു ഇത്.
രണ്ടാം പകുതിയിൽ കൂടുതൽ കളി മെനഞ്ഞ കവരത്തി ടീമിന് മുന്നിൽ പക്ഷെ ബ്ലാക്ക്ബെറി ഗോളി മഷ്ഹൂർ വില്ലൻ ആയി. ഇടക്ക് അവർ തുറന്ന അവസരങ്ങൾ കവരത്തി ടീം ഗോൾ കീപ്പറും രക്ഷപ്പെടുത്തി. മത്സരത്തിന്റെ അവസാന നിമിഷം ഗോളെന്നു ഉറപ്പിച്ച ഒരു ഷോട്ട് രക്ഷിച്ച മഷ്ഹൂർ ഉയർത്തി നൽകിയ പാസ് എതിർ ഹാഫിൽ നിന്നു സ്വീകരിച്ചു ഷാഹിദ് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ മത്സരം ബ്ലാക്ക്ബെറിക്ക് ആയി ഉറപ്പിച്ചു. ജയം അറീന ഗ്രൂപ്പിൽ ബ്ലാക്ക്ബെറിക്ക് വലിയ മുൻതൂക്കം നൽകും. അതേസമയം ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലാക് ബീച്ച് ബോയ്സ് ജൂനിയർ ടീമും പൈറേറ്റ്സ് ഓഫ് കോൽഹന ഹള്ളി എ ടീമും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിൽ ഷഹീം നേടിയ ഗോളിൽ ലാക് ബീച്ച് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ മുഹമ്മദ് റാസിക്കിന്റെ ഗോളിൽ പൈറേറ്റ്സ് സമനില പിടിക്കുക ആയിരുന്നു.
അതേസമയം മരണഗ്രൂപ്പ് എന്നു വിളിക്കാവുന്ന സാന്റിയാഗോയിലെ ആദ്യ മത്സരത്തിനു ഇറങ്ങിയ അമൃത സ്ട്രൈക്കേഴ്സ് ജയത്തോടെ തുടങ്ങി. ആദ്യ മത്സരം വലിയ ജയത്തോടെ ആഘോഷിച്ച ഇൻവിൻസിബിൾസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അവർ തകർത്തത്. മത്സരത്തിലെ ആദ്യ പകുതിയിൽ ആയിരുന്നു മൂന്നു ഗോളുകളും പിറന്നത്. 19 മത്തെ മിനിറ്റിൽ ഫവാസ് അവരുടെ ആദ്യ ഗോൾ നേടിയപ്പോൾ പെനാൽട്ടിയിലൂടെ നൂറുദ്ദീൻ ലീഡ് 22 മത്തെ മിനിറ്റിൽ ഉയർത്തി. വീണ്ടും 3 മിനിറ്റിനുള്ളിൽ ഗോൾ കണ്ടത്തിയ സിയാദ് ആണ് അവരുടെ ജയം പൂർത്തിയാക്കിയത്.
മാറക്കാനാ ഗ്രൂപ്പിൽ പൈറേറ്റ്സ് ഓഫ് കോൽഹന ഹള്ളി ബി ടീമിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ടി. ടി. ആർ മിലാൻ ക്ലബ് തകർത്ത്. ആദ്യ പകുതിയിൽ നിസാമിലൂടെയാണ് അവർ മുന്നിലെത്തിയത്. തുടർന്ന് രണ്ടാം പകുതിയിൽ റൈസാൽ, സലീൽ, ഷാമിർ എന്നിവർ അവരുടെ ഗോളടി പൂർത്തിയാക്കുക ആയിരുന്നു. യോക്ഷെയർ യുണൈറ്റഡ് ക്ലബിന് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ആൻഫീൽഡ് ഗ്രൂപ്പിൽ മുള്ളത്തിയാർ ജയം കണ്ടത്. ആദ്യ പകുതിയിൽ അദ്നാനും രണ്ടാം പകുതിയിൽ ഇഹ്സാനും ആണ് മുള്ളത്തിയാറിന്റെ ഗോളുകൾ നേടിയത്.