പിറകെ നിന്ന ശേഷം ജയം കണ്ട് സെരവ്, ജയത്തോടെ റൂബ്ലേവും മെദ്വദേവും, 5 സെറ്റ് പോരാട്ടം ജയിച്ച് ഷപോവലോവ്

- Advertisement -

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി അഞ്ചാം സീഡ് അലക്‌സാണ്ടർ സെരവ്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു സാഷ 32 സീഡായ ഫ്രഞ്ച് താരം അഡ്രിയാനെതിരെ ജയം കണ്ടത്. മത്സരത്തിൽ എതിരാളിയെ 7 തവണ ബ്രൈക്ക് ചെയ്തു. പതിവ് പോലെ ഇരട്ടപ്പിഴവുകൾ വേട്ടയാടി എങ്കിലും 14 തവണയാണ് സെരവ് ഏസുകൾ ഉതിർത്തത്. 11 ഇരട്ടപ്പിഴവുകൾ വരുത്തിയ സെരവ് ആ പിഴവുകൾ വരും റൗണ്ടുകളിൽ ആവർത്തിക്കാതിരിക്കാൻ ആവും ശ്രമിക്കുക. 7-6, 6-4, 6-2, 6-2 എന്ന സ്കോറിന് ആണ് സാഷ ജയം കണ്ടത്.

അതേസമയം സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെഫ്രി ജോൺ വോൾഫിനെതിരെ അനായാസ ജയം ആണ് മൂന്നാം സീഡ് ഡാനിൽ മെദ്വദേവ് കരസ്ഥമാക്കിയത്. 13 ഏസുകൾ മത്സരത്തിൽ ഉതിർത്ത റഷ്യൻ താരം 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. 6-3, 6-2, 6-2 എന്ന സ്കോറിന് ആയിരുന്നു മെദ്വദേവ് മത്സരം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നഷ്ടമായ യു.എസ് ഓപ്പൺ കിരീടം ഇത്തവണ കാരസ്ഥമാക്കുക തന്നെയാവും റഷ്യൻ താരത്തിന്റെ ലക്ഷ്യം.

സീഡ് ചെയ്യാത്ത സാൽവറ്റോർ ക്രൂസൊയെ അക്ഷരാർത്ഥത്തിൽ തകർത്താണ് പത്താം സീഡ് ആന്ദ്ര റൂബ്ലേവ് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. 17 ഏസുകൾ ഉതിർത്ത താരം 8 ബ്രൈക്കുകളും കണ്ടത്തി. 6-0, 6-4, 6-0 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ യുവ താരത്തിന്റെ ജയം. അതേസമയം ഒരു ടൈബ്രേക്ക് അടക്കം 5 സെറ്റുകൾ കണ്ട മത്സരത്തിൽ 19 സീഡ് അമേരിക്കൻ താരം ടൈയ്‌ലർ ഫ്രിറ്റ്സിനെ ആണ് 12 സീഡ് കാനഡയുടെ ഡെന്നിസ് ഷപോവലോവ് മറികടന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം 3-6, 6-3, 4-6, 7-6, 6-2 എന്ന സ്കോറിന് ആയിരുന്നു കനേഡിയൻ താരത്തിന്റെ ജയം.

Advertisement