ലോകകപ്പ് യോഗ്യത സ്വന്തമാക്കി ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗൽ. പ്ലെ ഓഫ് രണ്ടാം പാദത്തിൽ ഈജിപ്തിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചു ആണ് അവർ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ആഫ്രിക്കൻ നേഷൻസ് കപ്പിലെ ഫൈനൽ ആവർത്തനത്തിൽ വീണ്ടും പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഈജിപ്ത് കണ്ണീർ ആണ് കാണാൻ ആയത്. ആദ്യ പാദത്തിൽ സലാഹിന്റെ ഗോളിൽ ജയിച്ച ഈജിപ്ത് ആ മുൻതൂക്കവും ആയി ആണ് മത്സരത്തിൽ എത്തിയത്. എന്നാൽ സെനഗലിൽ മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഈജിപ്ത് പിന്നിൽ പോയി. ഹംതി ഫാതിയുടെ സെൽഫ് ഗോൾ ആണ് ഈജിപ്തിനു വില്ലൻ ആയത്.
തുടർന്ന് ഇരു ടീമുകളും ഗോളിനായി പൊരുത്തിയെങ്കിലും മത്സരം അധിക സമയവും കഴിഞ്ഞു പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. മത്സരത്തിൽ സെനഗൽ ആണ് കൂടുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചത്. 81 മത്തെ മിനിറ്റിലും എക്സ്ട്രാ സമയത്തും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ഇസ്മയില സാറിനു പറ്റാത്തത് ആണ് സെനഗൽ ജയം വൈകിപ്പിച്ചത്. ഇടക്ക് ഈജിപ്തിന്റെ പെനാൽട്ടിക്ക് ആയുള്ള അപ്പീൽ റഫറി നിരസിച്ചു. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഈജിപ്ത് ഗോളിക്കും താരങ്ങൾക്കും നേരെ സെനഗൽ ആരാധകർ ലേസർ അടിക്കുന്ന കാഴ്ചയാണ് കാണാൻ ആയത്. സെനഗലിന് ആയി ആദ്യ പെനാൽട്ടി എടുത്ത കൊലുബാലിക്ക് പിഴച്ചു ഷോട്ടിൽ ബാറിൽ തട്ടി മടങ്ങി. എന്നാൽ ഈ അവസരം മുതലാക്കാൻ അടുത്ത പെനാൽട്ടി എടുത്ത മുഹമ്മദ് സലാഹിന് പിഴച്ചു. ബാറിന് മുകളിലൂടെ ഷോട്ട് പുറത്തേക്ക്. ആഫ്രിക്കൻ നേഷൻസ് ഫൈനലിൽ പെനാൽട്ടി എടുക്കാൻ സാധിക്കാത്ത സലാഹ് പക്ഷെ ഇവിടെ ദുരന്ത നായകൻ ആയി.
എന്നാൽ സെനഗലിന് ആയി അടുത്ത പെനാൽട്ടി എടുത്ത സാലിയോ സിസിനും പിഴച്ചു. എന്നാൽ ഈജിപ്തിന്റെ സിസോയും തന്റെ പെനാൽട്ടി പാഴാക്കി. മൂന്നാമത് ആയി പെനാൽട്ടി എടുത്ത ഇസ്മായില സാർ ആദ്യമായി പെനാൽട്ടി ലക്ഷ്യം കണ്ടു, തുടർന്ന് ഈജിപ്ത് താരം എൽ സൊലേയയും ലക്ഷ്യം കണ്ടു. ബാമ്പ ദിയങും ലക്ഷ്യം കണ്ടതോടെ സെനഗൽ മത്സരത്തിൽ 2-1 നു മുന്നിലെത്തി. മൊസ്തഫ മുഹമ്മദും പെനാൽട്ടി പാഴാക്കിയതോടെ മാനെയുടെ പെനാൽട്ടി സെനഗലിന് പ്രധാനമുള്ളത് ആയി. തുടർന്ന് പെനാൽട്ടി ലക്ഷ്യം കണ്ട മാനെ സെനഗലിന് ഖത്തറിലേക്ക് ടിക്കറ്റ് എടുത്തു നൽകി. മൂന്നു പെനാൽട്ടികൾ രക്ഷിച്ച ഗോൾ കീപ്പർ മെന്റിയുടെ മികവ് കൂടിയാണ് അവർക്ക് ലോകകപ്പ് യോഗ്യത നേടി നൽകിയത്. ആഫ്രിക്കൻ ജേതാക്കൾ ആയ സെനഗലിന് ഇത് ഇരട്ടിമധുരം ആയപ്പോൾ ഈജിപ്തിനു വീണ്ടും കണ്ണീർ ആയി ഈ പരാജയം.