സ്പാനിഷ് ലാ ലീഗയിൽ ഗ്രനാഡയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത്. മത്സരത്തിൽ റയലിന്റെ ആധിപത്യം ആണ് കണ്ടത് എങ്കിലും ഇടക്ക് അവരെ വിറപ്പിക്കാൻ ഗ്രനാഡക്കും ആയി. 19 മത്തെ മിനിറ്റിൽ ടോണി ക്രൂസിന്റെ പാസിൽ നിന്നു ലക്ഷ്യം കണ്ട മാർകോ അസൻസിയോ ആണ് റയലിന് ആയി ആദ്യ ഗോൾ നേടിയത്. തുടർന്ന് മിനിറ്റുകൾക്ക് അകം ക്രൂസിന്റെ തന്നെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ നാച്ചോ റയലിന് രണ്ടാം ഗോളും സമ്മാനിച്ചു. 34 മത്തെ മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ഗ്രനാഡ ഒരു ഗോൾ തിരിച്ചടിച്ചു.
രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ ലൂക മോഡ്രിച്ചിന്റെ പാസിൽ നിന്നു വിനീഷ്യസ് ജൂനിയർ റയലിന് മൂന്നാം ഗോൾ സമ്മാനിച്ചു. സീസണിൽ 17 മത്തെ മത്സരത്തിൽ ബ്രസീലിയൻ താരത്തിന്റെ പത്താം ഗോൾ ആയിരുന്നു ഇത്. തുടർന്ന് 67 മത്തെ മിനിറ്റിൽ വിനീഷ്യസിനെ ഫൗൾ ചെയ്ത മൗഞ്ചുവിനു റഫറി ചുവപ്പ് കാർഡ് നൽകി. ഇതിൽ പ്രതിഷേധിച്ച ഗ്രനാഡ പരിശീലകൻ റോബർട്ട് മൊറേനോയെയും റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി. 76 മത്തെ മിനിറ്റിൽ കാസ്മിരോയുടെ പാസിൽ നിന്നു ഫെർലാന്റ് മെന്റിയാണ് റയലിന്റെ വമ്പൻ ജയം പൂർത്തിയാക്കിയത്. ജയത്തോടെ റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. മറ്റൊരു മത്സരത്തിൽ മൂന്നു ഗോൾ ജയം കണ്ട റയൽ ബെറ്റിസ് നാലാം സ്ഥാനവും ആയുള്ള അകലം കുറച്ചു.