സ്പാനിഷ് ലാ ലീഗയിൽ 6 മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ രണ്ടു പോയിന്റുകൾ ബാഴ്‌സലോണക്ക് മേൽ ലീഡ് നേടി റയൽ മാഡ്രിഡ്. ലീഗിലെ അവസാന സ്ഥാനക്കാർ ആയ എസ്പാന്യോളിനെ കടുത്ത പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് റയൽ മറികടന്നത്. മത്സരത്തിൽ ആധിപത്യം പുലർത്തി എങ്കിലും എസ്പാന്യോളിനെ മറികടക്കൽ റയലിന് അത്ര എളുപ്പം ആയിരുന്നില്ല. തുടർച്ചയായ അഞ്ചാം ലീഗ് മത്സരത്തിൽ ആണ് സിദാന്റെ ടീമിന്റെ ജയം കാണുന്നത്. ജയത്തോടെ 51 മത്തെ തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനും റയലിന് ആയി. സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കുന്ന പത്താമത്തെ ടീമാണ് അവർ.
ജയത്തോടെ 32 കളികളിൽ റയലിന് 71 പോയിന്റുകൾ ആണ് ഉള്ളത് അത്ര തന്നെ കളികളിൽ ബാഴ്‌സലോണക്ക് 69 പോയിന്റുകൾ ആണ് ഉള്ളത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബ്രസീലിയൻ താരം കാസ്മിരോ ആണ് റയലിന്റെ വിജയഗോൾ നേടിയത്. ഏറ്റവും മികച്ച പാസിലൂടെ കരിം ബെൻസേമ ആണ് ബ്രസീലിയൻ താരത്തിന് ഗോൾ വഴി ഒരുക്കിയത്. ഇതോടെ ലാ ലീഗയിൽ കിരീടം ആരു നേടും എന്ന ചോദ്യം കൂടുതൽ ആവേശകരമായി. എന്തു വില കൊടുത്തും ഈ ലീഡ് നിലനിർത്താൻ ആവും സിദാനും സംഘവും അടുത്ത ആറു മത്സരങ്ങളിൽ ശ്രമിക്കുക.