അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കൈൽ കോയെറ്റ്സര്‍

Sports Correspondent

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഉടനടി വിരമിക്കുകയാണെന്ന് പറഞ്ഞ് സ്കോട്ലാന്‍ഡ് താരം കൈൽ കോയെറ്റ്സര്‍. മുന്‍ സ്കോട്‍ലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായിരുന്നു കൈൽ കോയെറ്റ്സര്‍. ഏകദിന ഫോര്‍മാറ്റിൽ അഞ്ച് ശതകങ്ങള്‍ ഉള്‍പ്പെടെ 3192 റൺസാണ് കോയെറ്റ്സര്‍ നേടിയിട്ടുള്ളത്. സ്കോട്‍ലാന്‍ഡിന്റെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരിൽ ഒരാളായാണ് താരത്തെ വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ദീര്‍ഘകാലത്തിന് ശേഷം കോയെറ്റ്സര്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. 2021ൽ ടീമിനെ ലോകകപ്പ് സൂപ്പര്‍12ലേക്ക് താരം നയിച്ചിരുന്നു. താരം ഇനി കോച്ചിംഗ് ദൗത്യവുമായി സജീവമാകുവാന്‍ പോകുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതും 2018ല്‍ ശ്രീലങ്ക, സിംബാബ്‍വേ, ഇംഗ്ലണ്ട് എന്നിവരോടെ കളിച്ചതും 2021ൽ ടി20 സൂപ്പര്‍ 12ലേക്ക് ടീം എത്തിയതും തന്റെ കരിയറിലെ മനോഹര നിമിഷങ്ങളായി എന്നുമുണ്ടാകുമെന്നാണ് കോയെറ്റ്സര്‍ വ്യക്തമാക്കിയത്.