56 പന്തിൽ 134 റൺസും 4 ഓവറിൽ 8 വിക്കറ്റും, കൃഷ്ണപ്പ ഗൗതമിന്റെ താണ്ഡവം!!

Newsroom

ഇന്ന് കർണാടക പ്രീമിയർ ലീഗിൽ കണ്ടത് പകരം വെക്കാൻ ഇല്ലാത്ത ഒരു വ്യക്തിഗത പ്രകടനമായിരുന്നു. ബെല്ലാരി ടസ്കേഴ്സും ഷിമോഗ ലയൺസും തമ്മിലുള്ള പോരാട്ടത്തിൽ കൃഷ്ണപ്പ ഗൗതമാണ് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച പ്രകടനം കാഴ്ചവെച്ചത്. ബാറ്റ് കൊണ്ട് 134 റൺസും ബൗൾ കൊണ്ട് 8 വിക്കറ്റും ആണ് ഒരൊറ്റ മത്സരത്തിൽ കൃഷ്ണപ്പ ഗൗതം നേടിയത്.

ആദ്യ ബാറ്റ് ചെയ്ത ബെല്ലാരി ടസ്കേഴ്സിനായി വെറും 56 പന്തിലാണ് ഗൗതം 134 റൺസ് അടിച്ചത്. 13 സിക്സും ഏഴു ബൗണ്ടറികളും അടങ്ങിയ സംഭവ ബഹുലമായ ഇന്നിങ്സ്. 17 ഓവറിൽ ബെല്ലാരിക്ക് 3 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ്. മഴ കാരണമായി കളി 17 ഓവറാക്കി ചുരുക്കിയത്. ഷിമോഗ ബാറ്റിങ്ങിനായി എത്തിയപ്പോൾ ബൗൾ കൊണ്ടും ഗൗതം വിസ്മയം തീർത്തു.

ആകെ എറിഞ്ഞ നാല് ഓവറിൽ എട്ട് വിക്കറ്റുകൾ ആണ് ഗൗതം പിഴുതത്. 15 റൺസ് മാത്രം വിട്ട് കൊടുത്ത് കൊണ്ടായിരുന്നു ഈ നേട്ടം. ഷിമോഗയെ 133 റൺസിന് ഓൾ ഔട്ട് ചെയ്ത് ബെല്ലാരി വിജയം നേടി. ട്വി20 ക്രിക്കറ്റിൽ 8 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായും ഇതോടെ കൃഷ്ണപ്പ ഗൗതം മാറി.