കേരള പ്രീമിയർ ലീഗ് യോഗ്യത മത്സരത്തിൽ ആദ്യ വിജയം യൂണിവേഴ്സൽ സോക്കർ കോഴിക്കോടിന്. ഇന്ന് ഐഫ കൊപ്പം ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ യുണൈറ്റഡ് എഫ് സി കൊച്ചിയെ ആണ് യൂണിവേഴ്സൽ സോക്കർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യൂണിവേഴ്സൽ സോക്കറിന്റെ വിജയം. 11ആം മിനുട്ടിൽ ഉകെലെ യൂജിൻ ആണ് യൂണിവേഴ്സൽ സോക്കറിന് ലീഡ് നൽകിയത്. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് യൂജീൻ ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു.
ഈ ഗോളിന് 37ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ യുണൈറ്റഡ് എഫ് സി കൊച്ചി മറുപടി പറഞ്ഞു. അനന്തു ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിൽ ഫഹദിലൂടെ യൂണിവേഴ്സൽ സോക്കർ ലീഡ് തിരിച്ചെടുത്തു. യുണൈറ്റഡ് കൊച്ചിയുടെ ഗോൾകീപ്പറിന്റെ പിഴവിൽ നിന്നായിരുന്നു ഈ ഗോൾ.
53ആം മിനുറ്റിൽ യൂണിവേഴ്സൽ സോക്കറിന്റെ അഹ്ലൻ ഖാൻ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. എന്നാൽ പത്ത് പേരായി ചുരുങ്ങിയതും യൂണിവേഴ്സൽ സോക്കറിനെ തളർത്തിയില്ല. 82ആം മിനുട്ടിൽ റതോബെ പൊയ്റങ്ങിലൂടെ മൂന്നാം ഗോളും നേടി യൂണിവേഴ്സൽ സോക്കറ്റ് വിജയം ഉറപ്പിച്ചു.
നാളെ നടക്കുന്ന മത്സരത്തിൽ കെ എഫ് ടി സിയും ഐഫയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 3 മണിക്കാണ് മത്സരം. കളി തത്സമയം സ്പോർട്സ്കാസ്റ്റ് യൂടൂബ് ചാനൽ വഴി കെ എഫ് എ ടെലിക്കാസ്റ്റ് ചെയ്യുന്നുണ്ട്.