രാംകോ കേരള പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡും കെ എസ് ഇബിയും സമനിലയിൽ പിരിഞ്ഞു. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്.
ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ക്യാപ്റ്റൻ അർജുൻ ജയരാജിലൂടെ കേരള യുണൈറ്റഡ് ലീഡ് എടുത്തു. പെനാൾട്ടി ബോക്സിലെ ഒരു കൂട്ടപ്പൊരിച്ചലിന് ഒടുവിലായിരുന്നു അർജുൻ ജയരാജിന്റെ ഫിനിഷ്. ഇതിന് 72ആം മിനുട്ടിൽ കെ എസ് ഇ ബി മറുപടി പറഞ്ഞു. കേരള യുണൈറ്റഡ് ഡിഫൻസിൽ വന്ന പിഴവ് മുതലെടുത്ത് മുഹമ്മദ് പാറൊകൊട്ടിൽ നൽകിയ ഹെഡർ സ്വന്തമാക്കി വിഗ്നേഷ് ആണ് കെ എസ് ഇ ബിക്ക് സമനില നൽകിയത്.
ഈ ഗോളിന് ശേഷം കേരള യുണൈറ്റഡ് ലീഡ് തിരിച്ചു പിടിക്കാൻ തുടർ ആക്രമണങ്ങൾ നടത്തി. പക്ഷെ ഗോൾ കീപ്പർ ഹജ്മലിന്റെ ഗംഭീര പ്രകടനം കെ എസ് ഇബിയെ രക്ഷിച്ചു. കളിയുടെ അവസാന നിമിഷങ്ങളിൽ ഗോളെന്ന് ഉറച്ച മൂന്ന് സേവുകൾ ആണ് ഹജ്മൽ നടത്തിയത്.














