ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക കൊൽക്കത്ത അല്ല കോഴിക്കോടാണെന്ന് പറഞ്ഞ് ഇന്ത്യൻ ഇതിഹാസ താരം ഐ എം വിജയൻ. ഡ്യൂറണ്ട് കപ്പുയർത്തി കേരള ഫുട്ബൈന്റെ അഭിമാനമായി മാറിയ ഗോകുലം കേരള എഫ്സി ടീമിനെ സന്ദർശിച്ച ശേഷമാണ് ഐ എം വിജയൻ കോഴിക്കോട്ടെ ഫുട്ബോൾ ആരാധകരെ കുറിച്ച് മനസ് തുറന്നത്.
22 വർഷത്തിന് ശേഷം കേരളത്തിലേക്ക് ഡ്യുറണ്ട് കപ്പ് എത്തിച്ച ഗോകുലത്തിനെ അഭിനന്ദിച്ച ഐ എം വിജയൻ, 1997ലും 2019 ലും ബംഗാൾ ടീമുകളെ പരാജയപ്പെടുത്തിയാണ് കേരള ക്ലബ്ബുകൾ കിരീടമുയർത്തിയതെന്നും ഓർമ്മിപ്പിച്ചു. കൊൽക്കത്തയിൽ ചെന്ന് ഇന്ത്യൻ ഫുട്ബോളിലെ തന്നെ വൻ ശക്തികളായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനേയും ഗോകുലം പരാജയപ്പെടുത്തിയത് ഒരു നാഴികകല്ലാണെന്നും സൂചിപ്പിച്ചു. ഗോകുലം കേരള എഫ്സിയുടെ നായകനായ മാർക്കസ് ജോസഫിനെ അഭിനന്ദിക്കാനും ഐ എം വിജയൻ മറന്നില്ല.
ഗോകുലത്തിന്റെ മത്സരങ്ങൾ താൻ കണ്ടിരുന്നെന്നും ഒരു സ്ട്രൈക്കർ എന്നതിലുപരി ഗോകുലത്തിനെ മുന്നോട് നയിച്ച ചാലകശക്തിയായിരുന്നു മാർക്കസ് ജോസഫ് എന്നും ഐ എം വിജയൻ കൂട്ടിച്ചേർത്തു. ഫുട്ബോളിനെ സ്നേഹിക്കുന്ന കോഴിക്കോട്ടെ ആരാധകരെക്കുറിച്ചും ഐ എം വിജയൻ മനസ് തുറന്നു. ഐ ലീഗിൽ ഗോകുലത്തിന്റെ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർ തന്നെയാണ് അതിന് നേർ സാക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കിയത് ഇന്ത്യൻ സൂപ്പർ ലീഗ് തന്നെയാണെന്നും അതേ സമയം ഐ ലീഗ് ഇന്ത്യൻ ഫുട്ബോളിന് നൽകിയ സംഭാവനകൾ ഏറെയാണെന്നും ഐ എസ് എല്ലിനെ കുറിച്ചുള്ള മറുപടിയായി ഐ എം വിജയൻ പറഞ്ഞു.