എക്സ്ട്രാ ടൈമിൽ കൊറിയക്ക് മുൻപിൽ ബഹ്‌റൈൻ വീണു

Staff Reporter

ബഹ്‌റൈന്റെ പോരാട്ട വീര്യത്തിന് എക്സ്ട്രാ ടൈമിൽ അവസാനം കുറിച്ച് കൊറിയക്ക് ജയം. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയിലായതോടെ എക്സ്ട്രാ ടൈമിലാണ് കൊറിയ  2-1ന് ജയിച്ചു കയറിയത്. കിം ജിൻ സുവാണ് കൊറിയയുടെ വിജയ ഗോൾ നേടിയത്. തുടക്കം മുതൽ ഏഷ്യൻ വമ്പന്മാരായ കൊറിയയെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ബഹ്‌റൈൻ പുറത്തെടുത്തത്.

മത്സരത്തിൽ തുടക്കം മുതൽ കൊറിയ തന്നെയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ കൌണ്ടർ അറ്റാക്കിലൂടെ കൊറിയയെ ഇടക്ക് വിറപ്പിക്കാനും ബഹ്റൈന് ആയി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കി നിൽക്കെ കൊറിയ മത്സരത്തിൽ മുൻപിലെത്തി. ഹ്വാങ് ഹി ചാനിന്റെ ഗോളിൽ കൊറിയയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്.

എന്നാൽ  മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബഹ്‌റൈൻ മത്സരത്തിൽ സമനില പിടിച്ചു. മുഹമ്മദ് അൽ റുമൈഹിയാണ് ബഹ്റൈന് വേണ്ടി ഗോൾ നേടിയത്. തുടന്ന് നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1ന്  സമനിലയിലായതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. തുടർന്നാണ് ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ കിം ജിൻ സു കൊറിയയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്.  ക്വാർട്ടറിൽ കൊറിയ ഖത്തർ – ഇറാഖ് മത്സരത്തിലെ വിജയികളെ നേരിടും.