കൊല്‍ക്കത്തന്‍ ഇടിമുഴക്കം, റുപേ പ്രൈം വോളിബോള്‍ ലീഗ് കിരീടം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്

Newsroom

Picsart 22 02 27 21 01 00 375
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 27 ഫെബ്രുവരി 2022: അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് റുപേ പ്രൈം വോളിബോള്‍ ലീഗ് ചാമ്പ്യന്‍മാരായി. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 15-13, 15-10, 15-12 എന്ന സ്‌കോറിനാണ് കൊല്‍ക്കത്തയുടെ ജയം. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനീത് കുമാര്‍ കളിയിലെ താരമായി.

ആദ്യ സെറ്റില്‍ അഹമ്മദാബാദ് തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയപ്പോള്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് 5-3ന് മുന്നിലെത്തി. വിനീത് കുമാര്‍ മികവ് കാട്ടിയതോടെ കൊല്‍ക്കത്ത ആധിപത്യം തുടര്‍ന്നു. 10-8ന്റെ ലീഡായി. എന്നാല്‍ ഷോണ്‍ ടി ജോണിന്റെ സ്പൈക്കിലൂടെ അഹമ്മദാബാദ് തിരിച്ചടിച്ചു. 13-13ന് ഒപ്പമെത്തി. വിനീത് കുമാറിന്റെ ഉശിരന്‍ സെര്‍വിലൂടെ ഒന്നാം സെറ്റ് 15-13ന് തണ്ടര്‍ബോള്‍ട്ട്സ് നേടി.

വിനീത് കുമാറിനൊപ്പം ക്യാപ്റ്റന്‍ അശ്വല്‍ റായിയും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനായി മിന്നിയപ്പോള്‍ രണ്ടാം സെറ്റില്‍ അവര്‍ 9-5ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് രാഹുലിന്റെ ഊഴമായിരുന്നു. സൂപ്പര്‍ പോയിന്റിന്റെ കൂടി ആനുകൂല്യത്തില്‍ എതിര്‍പ്പുകളൊന്നുമില്ലാതെ 15-10ന് സെറ്റ് നേടി കളിയില്‍ തണ്ടര്‍ബോള്‍ട്ട്സ് 2-0ന് മുന്നിലെത്തി.

മൂന്നാം സെറ്റിലും ഉശിരന്‍ പ്രകടനം തുടര്‍ന്നു കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്. 8-5ന് മുന്നിലെത്തി. മനോജ് എല്‍.എമ്മിലൂടെ അഹമ്മദാബാദ് കളിയില്‍ പിടിച്ചുനിന്നു. എന്നാല്‍ ഉജ്വല സ്പൈക്കുകളിലൂടെ കൊല്‍ക്കത്ത കളംനിറഞ്ഞപ്പോള്‍ സ്‌കോര്‍ 11-8 എന്ന നിലയിലായി. പിന്നാലെ അധികം വിയര്‍ക്കാതെ 15-12ന് മൂന്നാം സെറ്റും ചാമ്പ്യന്‍ഷിപ്പും ഉറപ്പിച്ചു കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്.

വിനീത് കുമാറാണ് (കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്) സീസണിലെ മൂല്യമേറിയ താരം (മോസ്റ്റ് വാല്യബ്ള്‍ പ്ലേയര്‍). ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ എസ്.വി ഗുരു പ്രസാദാണ് ഭാവി വാഗ്ദാനം. മികച്ച സ്പൈക്കറായി അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ അംഗമുത്തുവും, ബ്ലോക്കറായി ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ ഇ.ജെ ജോണ്‍ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. ഷോണ്‍ ടി ജോണാണ് (അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്) ഫാന്റസി താരം.