ഡൽഹിയിൽ കൊൽക്കത്തക്ക് ആദ്യ ജയം

Staff Reporter

ആവേശകരമായ മത്സരത്തിൽ ഡൽഹിയിൽ കൊൽക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊൽക്കത്ത സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ മൈമൂനി നുസൈർ നേടിയ ഗോളാണ് കൊൽക്കത്തയ്ക്ക് സീസണിലെ ആദ്യ പോയത് നേടി കൊടുത്തത്.

മത്സരം മികച്ച രീതിയിൽ തുടങ്ങിയ എ.ടി.കെ 20ആം മിനുട്ടിൽ ബൽവന്ത് സിംഗിന്റെ ഗോളിലൂടെ മുൻപിലെത്തി. ലാൻസറൊട്ടേയുടെ പാസ് സ്വീകരിച്ച മനോഹരമായി ഒരു ഫിനിഷിംഗിലൂടെ ബൽവന്ത് സിങ് ഗോളാക്കുകയായിരുന്നു. എ.ടി.കെയുടെ സീസണിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് രണ്ടാം പകുതിയിലാണ് പ്രീതം കോട്ടലിലൂടെ ഡൽഹി സമനില പിടിച്ചത്. ഡൽഹിക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നാണ് കോട്ടൽ ഗോൾ നേടിയത്.

തുടർന്ന് മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മൈമൂനി നേടിയ ഗോളിലൂടെ എ.ടി.കെ വിജയം പിടിച്ചെടുത്തത്. ജയേഷ് റാണയുടെ മികച്ച മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.