വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പടെയുള്ള ഏഷ്യൻ ടീമുകളുടെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഏകദിന ലോകകപ്പിന് ഇന്ത്യൻ ടീം ഇതുവരെ തയ്യാറായിട്ടില്ല എന്നും വിരാട് കോഹ്‌ലി ആയിരുന്നു ദേശീയ ടീമിന്റെ ക്യാപ്റ്റൻ എങ്കിലും കാര്യങ്ങൾ ഇതാകില്ലായിരുന്നു സ്ഥിതി എന്നും ലത്തീഫ് പറഞ്ഞു.
“ഏഷ്യൻ ടീമുകൾ ഏകദിന ക്രിക്കറ്റുമായി പൊരുത്തപ്പെടാൻ പാടുപെടുമെന്ന് എനിക്ക് തോന്നുന്നു. 50 ഓവറുകളിൽ പോലും നല്ല സ്‌ട്രൈക്ക് റേറ്റ് ആവശ്യമുണ്ട്. മധ്യ ഓവറിലും റൺ ഒഴുകേണ്ടതുണ്ട്. അതിന് ഏഷ്യൻ ടീമുകൾക്ക് ആകുന്നില്ല,” മുൻ വിക്കറ്റ് കീപ്പർ ബാറ്റർ പറഞ്ഞു..
“ഇന്ത്യൻ ടീം മാനേജ്‌മെന്റ് നിരവധി കളിക്കാരുമായി പരീക്ഷണം നടത്തിയിട്ടുണ്ട്, അവരുടെ ബാറ്റിംഗിനെക്കുറിച്ച് ഞാൻ പറയുകയാണെങ്കിൽ 4 മുതൽ 7 വരെ മധ്യനിരയും ലോവർ ഓർഡറും അവർക്ക് തീരുമാനിക്കാൻ ആയിട്ടില്ല.” ലത്തീഫ് പറഞ്ഞു.
വിരാട് കോഹ്‌ലിയെ ക്യാപ്റ്റനായി തുടരാൻ അവർ അനുവദിച്ചിരുന്നെങ്കിൽ ഈ സമയത്ത് ഇന്ത്യ ലോകകപ്പിന് 100 ശതമാനം സജ്ജമായിരിക്കുമായിരുന്നു എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.