ബംഗ്ലാദേശിനെതിരെയുള്ള ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 184/6 റൺസ്. കെഎൽ രാഹുല്‍ അര്‍ദ്ധ ശതകം നേടി തിരികെ ഫോമിലേക്ക് എത്തിയത് ടീമിന് തുണയായി. 32 പന്തിൽ 50 റൺസാണ് താരം നേടിയത്. അര്‍ദ്ധ ശതകം തികച്ച ഉടനെ താരം പുറത്താകുകയായിരുന്നു. ഒപ്പം വിരാടും ഇന്ത്യക്കായി ഇന്ന് അർധ സെഞ്ച്വറി നേടി.
രോഹിത്തിനെ തുടക്കത്തിലെ നഷ്ടമായ ശേഷം കോഹ്‍ലിയുമായി ചേര്‍ന്ന് 67 റൺസാണ് രാഹുല്‍ രണ്ടാം വിക്കറ്റിൽ നേടിയത്. ഷാക്കിബ് ആണ് രാഹുലിനെ പുറത്താക്കിയത്.
രാഹുല്‍ പുറത്തായ ശേഷം കോഹ്‍ലിയ്ക്ക് കൂട്ടായി എത്തിയ സൂര്യകുമാര്‍ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ 38 റൺസാണ് മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. ഇതിൽ സൂര്യകുമാര്‍ 16 പന്തിൽ 30 റൺസ് നേടി പുറത്തായി. ഷാക്കിബിനായിരുന്നു വിക്കറ്റ്.
ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് അധിക സമയം ക്രീസിൽ ചെലവഴിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഹസന്‍ മഹമ്മുദ് തന്റെ രണ്ടാം വിക്കറ്റ് നേടി. നേരത്തെ രോഹിത്തിനെയും താരം ആണ് പുറത്താക്കിയത്. പിന്നാലെ കാർത്തിക് 7 റൺസ് എടുത്ത് നിൽക്കെ റണൗട്ട് ആയി. അക്സർ പട്ടേലിനും അധികം റൺസ് എടുക്കാൻ ആയില്ല.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പതറാതെ കോഹ്ലി മറുവശത്ത് ഉണ്ടായത് ഇന്ത്യക്ക് തുണയായി. കോഹ്ലി റൺ വേഗത്തിൽ നീക്കാൻ സഹായിച്ചു. കോഹ്ലി 44 പന്തിൽ നിന്ന് 64 റൺസ് ആണ് എടുത്തത്. അവസാന ഓവറിൽ അശ്വിനും ഇന്ത്യൻ റൺസിന് സംഭാവന ചെയ്തു. 6 പന്തിൽ നിന്ന് 13 റൺസ് എടുക്കാൻ അശ്വിനായി.