ക്രിക്കറ്റ് സ്പെഷ്യലിസ്റ്റുകളുടെ കളിയായി മാറിയിട്ട് കാലം ഏറെയായി, ബാറ്റർ, ബോളർ, നല്ല ഫീൽഡർ എന്നിങ്ങനെ. ഇനി നമ്മളറിയാതെ ആ കൂട്ടത്തിലേക്ക് സ്ലെഡ്ജിങ് കൂടി ചേർത്തുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതല്ലാതെ വിരാട് കോഹ്ലിയെ ഈ ഫോമിൽ ടീമിൽ തുടരാൻ അനുവദിക്കുന്നതിൽ വേറെ ഒരു കാരണവുമില്ല.
കളിക്കാർ ഫോമൗട്ട് ആകുന്നത് അത്ര വലിയ തെറ്റല്ല. കോഹ്ലിക്ക് മുന്നുള്ളവരും, ഇനി വരാനുള്ളവരും ഫോം നഷ്ടപ്പെട്ടുന്ന ഘട്ടത്തിലൂടെ കടന്നു പോയെന്ന് വരും. അപ്പോഴെല്ലാം ടീം മാനേജ്മെന്റ് അവരെ പിന്തുണക്കണം. ചിലർക്ക് ഒന്നു രണ്ട് കളി കൂടി കളിക്കാൻ അവസരം നൽകി നോക്കണം, എന്നിട്ടും പറ്റുന്നില്ലെങ്കിൽ അവരെ പുറത്തിരുത്തി തങ്ങളുടെ കളി മെച്ചപ്പെടുത്തി, ടെക്നിക് തിരുത്തി തിരികെ വരാൻ അവസരം നൽകണം.
അല്ലാതെ ഇപ്പോൾ ചെയ്യുന്ന പോലെ ഫോമൗട്ടായ കോഹ്ലിയെ വീണ്ടും വീണ്ടും കളത്തിൽ ഇറക്കുന്നത് പല കാരണങ്ങൾ കൊണ്ട് വലിയ തെറ്റിലേക്ക് നയിക്കുന്ന നടപടിയാണ്.
ഒന്ന്, കോഹ്ലി എന്ന കളിക്കാരനെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതിൽ നിന്ന് അത് തടയുന്നു. ടെക്നിക് തിരുത്താൻ ആ കളിക്കാരന് അവസരം കൊടുക്കാതിരിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്.
രണ്ട്, ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ അത് ബാധിക്കുന്നു. കളികൾ ജയിക്കുന്നത് ചെറിയ ചെറിയ മാർജിനിൽ ആകുമ്പോൾ, ഒരു കളിക്കാരന്റെ സ്ഥിരമായുള്ള മോശം ഫോം ടീമിന്റെ വിജയ സാധ്യതയെ ഇല്ലാതാക്കുന്നു.
മൂന്ന്, ഇത് മറ്റ് കളിക്കാരുടെ മനോവീര്യത്തെ ബാധിക്കുന്നു. അവരെല്ലാം എത്ര നന്നായി കളിച്ചാലും ടീമിൽ ഒരു സീനിയർ കളിക്കാരൻ സ്ഥിരമായി മോശം പ്രകടനം നടത്തി ടീം തോൽക്കുമ്പോൾ അത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കും.
നാല്, ആഭ്യന്തര ക്രിക്കറ്റിലും, കിട്ടുന്ന അന്താരാഷ്ട്ര കളികളിലും മെച്ചപ്പെട്ട കളി പുറത്തെടുത്തിട്ടും ടീമിന് പുറത്തിരിക്കേണ്ടി വരുന്ന യുവ കളിക്കാരുടെ അസന്തുഷ്ടിക്കും ഇത് ഇടവരുത്തും.
കോഹ്ലി ഒരു മികച്ച കളിക്കാരൻ ആണെന്ന കാര്യത്തിൽ തർക്കമില്ല, എന്നാൽ അയാളും മനുഷ്യനാണ്. കോഹ്ലി സ്വന്തമായിട്ട് തന്നെ, അല്ലെങ്കിൽ ടീം മാനേജ്മെന്റ് അയാളെ വിശ്വാസത്തിലെടുത്തു ഒരു ബ്രേക്ക് നൽകണം. കളിയിലെ തെറ്റുകൾ തിരുത്തി തിരിച്ചു വരട്ടെ, ഇന്ത്യക്കായി ഭാവിയിൽ മികച്ച കളി പുറത്തെടുക്കട്ടെ. ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണ്, ഐപിഎൽ കഴിഞ്ഞു ഒരിക്കൽ കൂടി പറഞ്ഞതാണ്, ഇതാ ഇപ്പോൾ വീണ്ടും പറയുന്നു.