കോഹ്‍ലിയുടെ നായകത്വത്തെ ചോദ്യം ചെയ്ത് ഷാഹിദ് അഫ്രീദിയും. മുമ്പ് പല ക്രിക്കറ്റര്‍മാരും സമാനമായ അഭിപ്രായം പങ്കുവെച്ചിട്ടുള്ളതാണ്. ഇവരിലേക്കുള്ള ഏറ്റവും പുതിയ ആളാണ് മുന്‍ പാക്കിസ്ഥാന്‍ വെടിക്കെട്ട് താരം. കോഹ്‍ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്ന് പറയുമ്പോളും താരത്തിന്റെ ക്യാപ്റ്റന്‍സി അത്ര പോരെന്നാണ് പല താരങ്ങളുടെയും അഭിപ്രായം.
ഗാബയില്‍ നാല് റണ്‍സിനു ഓസ്ട്രേലിയയോട് ടി20യില്‍ പരാജയപ്പെട്ടതോടെയാണ് വീണ്ടും ഈ വിഷയം ചര്‍ച്ചയിലാവുന്നത്. യൂസുവേന്ദ്ര ചഹാലിനെ പുറത്തിരുത്തിയ തീരുമാനമാണ് ഏവരും വിശകലനം ചെയ്യുന്നതെങ്കില്‍ കോഹ്‍ലി ഇനിയും ക്യാപ്റ്റന്‍സിയുടെ പല മേഖലകളിലും മെച്ചപ്പെടുവാനുണ്ടെന്നാണ് ഷാഹിദ് അഫ്രീദി പറയുന്നത്.
ഗാബയില്‍ ചഹാലിനെ ഒഴിവാക്കിയതിനു പകരം കോഹ്‍ലി നാലാമത് ഇറങ്ങിയതും ചോദ്യം ചെയ്യപ്പെട്ടു. 17 ഓവറില്‍ 174 റണ്‍സ് വേണ്ട ഘട്ടത്തിലാണ് കെഎല്‍ രാഹുലിനെ മൂന്നാമതിറക്കുവാന്‍ കോഹ്‍ലി മുതിര്‍ന്നത്. ക്രിസ് ലിന്നിനെതിരെ മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വെച്ച ജസ്പ്രീത് ബുംറയെ ബൗളിംഗില്‍ താരത്തിനെതിരെ ഉപയോഗിക്കാതിരുന്നതും ചോദ്യം ചെയ്യപ്പെടുന്ന തീരുമാനമാണ്.
കോഹ്‍ലി തന്റെ ഏറ്റവും പ്രിയപ്പെട്ട താരമാണെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഏറെ മെച്ചപ്പെടാനുണ്ടെന്നും അഫ്രീദി പറഞ്ഞു.