2022 ഐപിഎൽ തുടങ്ങിയതിനു ശേഷം ആദ്യമായി ആരാധകർക്ക് കോഹ്ലിയുടെ തനതായ കളി ഇന്ന് കാണാൻ സാധിച്ചു. ഗുജറാത്തിന് എതിരെ ഓപ്പൺ ചെയ്യാൻ ഇറങ്ങിയ കോഹ്ലി, ആദ്യ ഓവറിൽ മുഹമ്മദ് ഷമിക്കെതിരെ 2 ബൗണ്ടറി അടക്കം 9 റൺസ് അടിച്ചപ്പോൾ തന്നെ ഇന്നത്തെ കളി പാറും എന്നു എല്ലാവർക്കും ഒരു തോന്നൽ ഉണ്ടായി.
ആർസിബിയുടെ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ആ തോന്നൽ ശരിയായി എന്ന് 100% മനസ്സിലായി. ബൗണ്ടറി മാത്രമല്ല, കോഹ്ലി ആദ്യമേ തന്നെ സിംഗിൾസും എടുത്ത് സ്കോർ ബോർഡ് നീക്കി കൊണ്ടിരുന്നു. മുംബൈ ബ്രാബോണ് സ്റ്റേഡിയത്തിൽ ചുട്ടു പൊള്ളുന്ന വെയിലിൽ സിംഗിൾസ് രണ്ടാക്കാൻ വേണ്ടി കോഹ്ലി കാണിച്ച ആത്മാർത്ഥത നമ്മൾ പണ്ട് കണ്ട പോലെ തന്നെ. പത്താമത്തെ ഓവറിൽ ഫെർഗുസണ് എതിരെ നേടിയ സിക്സ് മനോഹരമായിരുന്നു. ആദ്യമേ ഫാഫ് ഔട്ടായതിനാൽ, കൂടെ കളിച്ച പടിദാർ കോഹ്ലിയുടെ ഈ ഫോമിനൊപ്പം ഉണർന്നു കളിച്ചു. അത് കോഹ്ലിക്ക് വലിയ ആശ്വാസമായി.
കോഹ്ലിയുടെ 2022 ഐപിഎല്ലിലെ ആദ്യ ഹാഫ് സെഞ്ചുറി ആർസിബി മാത്രമല്ല ആഘോഷിച്ചത്, കളി കണ്ടിരുന്ന എല്ലാ ഇന്ത്യക്കാരും അനുഷ്‌കയോടപ്പം കൂടി. വിരാടിന്റെ മുഖത്തും ആശ്വാസം തെളിഞ്ഞു കാണാമായിരുന്നു. 50 എടുത്ത ശേഷം ആകാശത്തേക്ക് നോക്കി കോഹ്ലി പറഞ്ഞിട്ടുണ്ടാകും, നന്ദി എന്നെ തിരികെ കൊണ്ടു വന്നതിനു. വർഷാവസാനം നടക്കുന്ന T20 വേൾഡ് കപ്പിൽ ഇന്ത്യയുടെ സാധ്യതകൾക്ക് ഈ മനുഷ്യന്റെ ഫോം വലിയൊരു ഘടകമാണ്, അത് അദ്ദേഹത്തിനും അറിയാം. 58 (53) ഒരു നല്ല തിരിച്ചു വരവാണ്. ഇനിയുള്ള കളികളിൽ വിരാട് ഇതിലും മെച്ചപ്പെട്ട സ്കോറുകൾ കണ്ടെത്തും എന്ന് നമുക്ക് പ്രാർത്ഥിക്കാം.