ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 156/6 എന്ന നിലയില്‍. ഇംഗ്ലണ്ട് സ്പിന്നര്‍മാരായ ജാക്ക് ലീഷും മോയിന്‍ അലിയും പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് തുടരെ വിക്കറ്റുകള്‍ നേടി ഇന്ത്യയെ ബുദ്ധിമുട്ടിക്കുകയായിരുന്നുവെങ്കിലും ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനായി ക്രീസിലെത്തിയ അശ്വിനോടൊപ്പം കോഹ്‍ലി ഇന്ത്യയെ ലഞ്ച് വരെ കൂടുതല്‍ വിക്കറ്റില്ലാതെ എത്തിയ്ക്കുകയായിരുന്നു. 351 റണ്‍സിന്റെ ലീഡാണ് മത്സരത്തില്‍ ഇന്ത്യയ്ക്കുള്ളത്.
ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 65/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പുജാര റണ്ണൗട്ടായപ്പോള്‍ രോഹിത്തിനെയും(26), പന്തിനെയും(8) ജാക്ക് ലീഷ് പുറത്താക്കുകയായിരുന്നു. അജിങ്ക്യ രഹാനെ(10), അക്സര്‍ പട്ടേല്‍(7) എന്നിവരുടെ വിക്കറ്റ് മോയിന്‍ അലി നേടിയപ്പോള്‍ ഇന്ത്യ 106/6 എന്ന നിലയിലേക്ക് വീണു.
പിന്നീട് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിനും ഇന്ത്യയെ ലഞ്ച് വരെ എത്തിയ്ക്കുകയായിരുന്നു. കോഹ്‍ലി 38 റണ്‍സും രവിചന്ദ്രന്‍ അശ്വിന്‍ 34 റണ്‍സുമാണ് നേടിയത്. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 50 റണ്‍സ് ആയിട്ടുണ്ട്.