അവസാന ഓവറിൽ 7 റൺസ് മാത്രം വേണ്ടതിനാൽ തന്നെ സംയമനത്തോടെ കാര്യങ്ങള്‍ ലളിതമായി കൊണ്ടുപോകുവാനാണ് താന്‍ ശ്രമിച്ചതെന്ന് പറഞ്ഞ് പാക്കിസ്ഥാനെതിരെയുള്ള ഏഷ്യ കപ്പ് മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യ.
അവസാന ഓവറിൽ 15 റൺസായിരുന്നുവെങ്കിൽ താന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചേനെയെന്നും സിക്സര്‍ പറത്തി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പറഞ്ഞു. 17 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗിലും കസറിയിരുന്നു.
തന്റെ നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് സുപ്രധാന വിക്കറ്റുകളാണ് ഹാര്‍ദ്ദിക് നേടിയത്. ബൗളിംഗിൽ സാഹചര്യങ്ങള്‍ മനസ്സിലാക്കി പന്തെറിയുകയാണ് പ്രധാനം എന്നും ഷോര്‍ട്ട് ബോളുകളും ഹാര്‍ഡ് ലെംഗ്ത്തുകളും തന്റെ ശക്തി കേന്ദ്രങ്ങളാണെന്നും ഹാര്‍ദ്ദിക് വെളിപ്പെടുത്തി. അവയെ യഥാക്രമം ഉപയോഗിക്കുക എന്നും ബാറ്റ്സ്മാന്മാരെക്കൊണ്ട് തെറ്റുകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം എന്നും ഹാര്‍ദ്ദിക് കൂട്ടിചേര്‍ത്തു.