ഭാനുക രാജപക്സയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിൽ കൊല്‍ക്കത്ത ഒന്ന് പതറിയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 137 റൺസിലൊതുക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിംഗ് പട.
ഇന്ന് മയാംഗ് അഗര്‍വാളിനെ തുടക്കത്തിൽ നഷ്ടപ്പെട്ട ശേഷം രാജപക്സയുടെ രാജകീയ ഇന്നിഗ്സിനാണ് മുംബൈ വാങ്കഡേ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 9 പന്തിൽ 31 റൺസ് നേടിയ താരം ശിവം മാവിയെ ഒരോവറിൽ ഒരു ഫോറിനും മൂന്ന് സിക്സിനും പറത്തിയ ശേഷം അടുത്ത പന്തിൽ പുറത്തായ ശേഷം പഞ്ചാബിന്റെ ഇന്നിംഗ്സിന്റെ താളം തെറ്റുകയായിരുന്നു.
പിന്നീട് തുടരെ വിക്കറ്റുകളുമായി കൊല്‍ക്കത്ത ബൗളര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കിയപ്പോള്‍ പഞ്ചാബ് 102/8 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് 25 റൺസ് നേടി കാഗിസോ റബാഡ ആണ് പഞ്ചാബിനെ 137 എന്ന സ്കോറിലേക്ക് നയിച്ചത്. 18.2 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.
കൊല്‍ക്കത്തയ്ക്കായി ഉമേഷ് യാദവ് നാലും ടിം സൗത്തി രണ്ടും വിക്കറ്റ് നേടി. ഭാനുക രാജപക്സയുടെ വിക്കറ്റ് നേടിയെങ്കിലും ശിവം മാവിയ്ക്ക് ഇത് മറക്കാനാഗ്രഹിക്കുന്ന ഐപിഎൽ മത്സരം ആണ്. താരം തന്റെ 2 ഓവറിൽ 39 റൺസാണ് വഴങ്ങിയത്.