വിന്‍ഡീസ് നല്‍കിയ 208 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 8 പന്തുകള്‍ അവശേഷിക്കെ മറികടന്ന് ഇന്ത്യ. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ കെഎല്‍ രാഹുലും വിരാട് കോഹ്‍ലിയും കൂടി നേടിയ 100 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ.
കോഹ്‍ലി പതിഞ്ഞ രീതിയിലാണ് തുടങ്ങിയതെങ്കിലും രാഹുല്‍ പുറത്തായ ശേഷം തന്റെ വിശ്വ രൂപം പുറത്തെടുക്കുകായയിരുന്നു. ഋഷഭ് പന്തും(18) ശ്രേയസ്സ് അയ്യരും(4) പുറത്തായെങ്കിലും ഒരു വശത്ത് വിന്‍ഡീസ് ബൗളിംഗിന തച്ച് തകര്‍ത്ത് ഇന്ത്യന്‍ വിജയം കോഹ്‍ലി ഉറപ്പാക്കി.
50 പന്തില്‍ നിന്ന് 94 റണ്‍സ് നേടിയ കോഹ്‍ലി പുറത്താകാതെ 6 വീതം സിക്സും ഫോറുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. ലോകേഷ് രാഹുല്‍ 40 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും സഹിതം 62 റണ്‍സ് നേടി. കെസ്രിക് വില്യംസിനെ സിക്സര്‍ പറത്തി 18.4 ഓവറിലാണ് ഇന്ത്യ ആറ് വിക്കറ്റ് വിജയം ഉറപ്പാക്കിയത്.
വിന്‍ഡീസിനായി ഖാരി പിയറി രണ്ടും പൊള്ളാര്‍ഡ്, കോട്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.