കേരളത്തിന്റെ സന്തോഷ് ട്രോഫി യോഗ്യത പോരാട്ടത്തിന് ഇന്ന് തുടക്കമാകും. സൗത്ത് സോൺ ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തിൽ ഇന്ന് കേരളം ലക്ഷദ്വീപിനെ ആണ് നേരിടുന്നത്. രാവിലെ 9.30ന് നടക്കുന്ന മത്സരം തത്സമയം സ്പോർട്സ് കാസ്റ്റിന്റെ യൂടൂബ് ചാനലിൽ കാണാം. കളി കാണാൻ കോവിഡ് സാഹചര്യം പരിഗണിച്ച് കാണികളെ പ്രവേശിപ്പിക്കിന്നില്ല. കഴിഞ്ഞ തവണ പകുതിക്ക് വെച്ച് യോഗ്യത മത്സരങ്ങൾ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. അതിനു മുമ്പത്തെ സീസണിൽ നിരാശയോടെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകേണ്ടി വന്നതും കേരളം ഓർക്കുന്നുണ്ട്.
ഇത്തവണ എന്നാൽ സ്വന്തം നാട്ടിലാണ് ഫൈനൽ റൗണ്ടും നടക്കേണ്ടത് എന്നതു കൊണ്ട് കിരീടം തന്നെയാണ് കേരളം ലക്ഷ്യമിടുന്നത്. ബിനോ ജോർജ്ജ് ആണ് ഇത്തവണ കേരളത്തെ പരിശീലിപ്പിക്കുന്നത്. പരിചയസമ്പത്ത് ഉള്ളവരും യുവതാരങ്ങളും ചേർന്നുള്ളതാണ് സ്ക്വാഡുമായാണ് കേരളം ടൂർണമെന്റിന് ഇറങ്ങുന്നത്. ജിജോ ജോർജ്ജ് ആണ് നായകൻ.
കേരളത്തിന് ഒപ്പം ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. ഇന്ന് ലക്ഷദ്വീപിനെ നേരിടുന്ന കേരളംഡിസംബർ 3ന് കേരളം ആൻഡമാനെയും ഡിസംബർ 5ന് പോണ്ടിച്ചേരിയെയും നേരിടും. കേരള ടീം കഴിഞ്ഞ മാസം മുതൽ പരിശീലനം നടത്തുന്നുണ്ട്.