കേരളത്തിന്റെ ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ മേല്‍ക്കൈ കൈവിട്ട് കേരള ബാറ്റ്സ്മാന്മാര്‍. 190 റണ്‍സിനു ആന്ധ്രയെ പുറത്താക്കിയ ശേഷം ജയം തേടിയിറങ്ങിയ കേരളം 49.1 ഓവറില്‍ 183 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 7 റണ്‍സിന്റെ ജയവും 4 വിലയേറിയ പോയിന്റും സ്വന്തമാക്കി ആന്ധ്ര തങ്ങളുടെ വിജയ് ഹസാരെ ട്രോഫിയുടെ തുടക്കം മികച്ചതാക്കി.
സച്ചിന്‍ ബേബി(57), ജലജ് സക്സേന(46), അരുണ്‍ കാര്‍ത്തിക്ക്(32) എന്നിവര്‍ തുടക്കത്തില്‍ മികച്ച് നിന്ന ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ഒരു ഘട്ടത്തില്‍ 170/3 എന്ന നിലയിലായിരുന്ന കേരളം ജയത്തിനായി 21 റണ്‍സ് അകലെ വരെ എത്തിയ ശേഷം തകര്‍ന്നടിയുകയായിരുന്നു. കരണ്‍ ശര്‍മ്മ മൂന്ന് വിക്കറ്റ് നേടയിപ്പോള്‍ റിക്കി ഭുയി, അയ്യപ്പ ഭണ്ഡാരു എന്നിവര്‍ രണ്ടും ഷൊയ്ബ് മുഹമ്മദ് ഖാന്‍, ഹനുമ വിഹാരി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഒന്നാം വിക്കറ്റില്‍ 72 റണ്‍സുമായി കാര്‍ത്തിക്ക്-സക്സേന കൂട്ടുകെട്ട് കേരളത്തിനു മികച്ച തുടക്കമാണ് നല്‍കിയത്. സഞ്ജു സാംസണും(6) ജലജ് സക്സേനയും അടുത്തടുത്ത് പുറത്തായ ശേഷം കേരളം 90/3 എന്ന സ്ഥിതിയിലേക്ക് വീണ ശേഷം മികച്ച രീതിയില്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബിയും വിഎ ജഗദീഷും(28) ചേര്‍ന്ന് കേരളത്തെ തിരികെ മത്സരത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.
80 റണ്‍സ് കൂട്ടുകെട്ടുമായി ഇരുവരും കേരളത്തെ മികച്ച വിജയത്തിലേക്ക് നയിക്കുമെന്ന അവസ്ഥയിലാണ് കരണ്‍ ശര്‍മ്മ സച്ചിന്‍ ബേബിയെ പുറത്താക്കിയത്. രണ്ട് ഓവറുകള്‍ക്ക് ശേഷം വിഎ ജഗദീഷിനെയും പുറത്താക്കി കരണ്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ആന്ധ്ര വിജയം മണത്ത് തുടക്കി. കേരളത്തിന്റെ വാലറ്റത്തിനു ഹൈദ്രബാദ് ബൗളര്‍മാര്‍ക്കെതിരെ പിടിച്ചു നില്‍ക്കാനാകാതെ പോയപ്പോള്‍ ടീം 183 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.