രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കെതിരെ കേരളത്തിന്റെ സമ്പൂര്‍ണ്ണാധിപത്യം. 320നു പുറത്തായ ശേഷം ഡല്‍ഹിയുടെ ആദ്യ ഇന്നിംഗ്സ് 139 റണ്‍സില്‍ അവസാനിപ്പിച്ച ശേഷം രണ്ടാം ഇന്നിംഗ്സില്‍ സന്ദര്‍ശകരെ 41/5 എന്ന പരിതാപകരമായ അവസ്ഥയിലേക്ക് കേരള ബൗളര്‍മാര്‍ തള്ളിയിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ രണ്ടാം ിന്നിംഗ്സില്‍ ഡല്‍ഹിയുടെ അന്തകരായത് പേസര്‍മാരാണ്.
41 റണ്‍സ് നേടിയ ജോണ്ടി സിദ്ധു, ധ്രുവ ഷോറെ(30), ശിവാങ്ക് വശിഷ്ഠ്(30) എന്നിവരാണ് ഡല്‍ഹി നിരയില്‍ പൊരുതി നോക്കിയത്. ജലജ് സക്സേന 6 വിക്കറ്റ് നേടിയപ്പോള്‍ സിജോമോന്‍ ജോസഫ് രണ്ടും സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സില്‍ സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റാണ് നേടിയിട്ടുള്ളത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 140 റണ്‍സ് പിറകെയാണ് ഡല്‍ഹി ഇപ്പോള്‍. ധ്രുവ് ഷോറെയും(13*) വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തുമാണ്(2*) ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍.
291/7 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ഇന്നിംഗ്സിനു അധികം ആയുസ്സുണ്ടായിരുന്നില്ല. 320 റണ്‍സിനു കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. തലേ ദിവസം ക്രീസിലുണ്ടായിരുന്നു വിനൂപ് മനോഹരനെ പുറത്താക്കി ആകാശ് സുധന്‍ തന്റെ ഇന്നിംഗ്സിലെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ സിജോമോന്‍ ജോസഫിനെയും ബേസില്‍ തമ്പിയെയും ശിവം ശര്‍മ്മ പുറത്താക്കി.