ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാമത്തെ സീസൺ അവസാനിച്ചപ്പോൾ ഒരു പിടി നാണക്കേടിന്റെ റെക്കോർഡുകളുമായി കേരള ബ്ലാസ്റ്റേഴ്സ്. അഞ്ചു സീസണുകൾക്കിടയിൽ രണ്ടു തവണ ഫൈനൽ കണ്ട കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നാണക്കേടിന്റെ പടുകുഴിയിലാണ് സീസൺ അവസാനിപ്പിച്ചത്. ആദ്യ സീസണിൽ ആറുപത്തിനായിരത്തിൽ കൂടുതൽ കാണികൾ വന്ന കൊച്ചി സ്റ്റേഡിയത്തിൽ വെറും നാലായിരം കാണികളായി ചുരുങ്ങിയതും ഈ സീസണിൽ കണ്ടു.
ഈ സീസണിൽ വെറും രണ്ടു മത്സരങ്ങളിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത്. കഴിഞ്ഞ നാല് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് മൂന്നോ അതിൽ അധികമോ മത്സരങ്ങൾ ജയിച്ചിരുന്നു. 2015ൽ സീസണിൽ ഏറ്റവും അവസാന സ്ഥാനത്തായി സീസൺ അവസാനിപ്പിച്ചിട്ട് പോലും കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങൾ ആ സീസണിൽ ജയിച്ചിരുന്നു. മാത്രവുമല്ല ആ സീസണിൽ ആകെ 14 മത്സരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് കൂടി പറഞ്ഞാൽ മാത്രമേ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നാണക്കേടിന്റെ റെക്കോർഡ് എത്രയെന്ന് മനസ്സിലാക്കാൻ പറ്റു. ഈ സീസണിൽ 18 മത്സരങ്ങൾ കളിച്ചത്തിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടു മത്സരങ്ങൾ ജയിച്ചത്.
ഇതോടെ ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ തന്നെ ഒരു സീസണിൽ ഏറ്റവും കുറച്ച ജയങ്ങൾ എന്ന നാണക്കേടും കേരള ബ്ലാസ്റ്റേഴ്സിനെ തേടിയെത്തി. ഈ സീസണിൽ രണ്ടു മത്സരങ്ങൾ മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം കഴിഞ്ഞ വർഷത്തെ ജേതാക്കളായ ചെന്നൈയിനും ഈ റെക്കോർഡ് പങ്കിടാൻ ഒപ്പമുണ്ടെന്നതാണ് ഏക ആശ്വാസം. കേരള ബ്ലാസ്റ്റേഴ്സിന് പിന്നിൽ 10ആം സ്ഥാനത്തായാണ് ചെന്നൈയിൻ സീസൺ അവസാനിപ്പിച്ചത്.
ഈ സീസണിൽ തോൽവിയുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സ് 2015ലെ മോശം സീസണ് ഒപ്പം തന്നെയാണ്. ആ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് 7 മത്സരങ്ങളിൽ ആണ് തോൽവിയറിഞ്ഞത്. സമനിലകളുടെ കാര്യത്തിൽ ഈ സീസൺ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമായിരുന്നു. 9 മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ സമനിലയിൽ കുടുങ്ങിയത്. ഇതും ഐ.എസ്.എൽ റെക്കോർഡാണ്. ഈ സീസണിൽ 9 സമനിലകൾ വഴങ്ങിയ ജാംഷഡ്പൂർ എഫ്.സി മാത്രമാണ് അഞ്ചു കൊല്ലാതെ ഐ.എസ്.ൽ ചരിത്രത്തിൽ ഒരു സീസണിൽ ഇത്രയും സമനിലകൾ വഴങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സ് ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ സീസണും ഇത് തന്നെയാണ്. 28 തവണയാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കുലുങ്ങിയത്. 2015ൽ ഏറ്റവും അവസാന സ്ഥാനത്തായി അവസാനിപ്പിച്ച സീസണിൽ വഴങ്ങിയ 27 ഗോളായിരുന്നു ഇതുവരെ ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ വഴങ്ങിയത്.
ഗോൾ ഡിഫറൻസിന്റെ കണക്കിലും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ഏറെ പിന്നിലാണ്. -10 ആണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ ഡിഫറൻസ്. 2015ലെ സീസണിൽ ഉണ്ടായിരുന്ന -5 ഗോൾ ഡിഫറൻസ് റെക്കോർഡായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും കുറഞ്ഞ ഗോൾ ഡിഫറൻസ്. ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ പോലും പോസറ്റീവ് ആയിട്ടുള്ള ഗോൾ ഡിഫറൻസ് ഇല്ലാത്ത ഏക ടീമും കേരള ബ്ലാസ്റ്റേഴ്സ് ആണ്. മറ്റെല്ലാ ടീമുകളും ഒരു സീസണിൽ എങ്കിലും പോസറ്റീവ് ആയിട്ടുള്ള ഗോൾ ഡിഫറൻസ് നേടിയിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടു തവണ ഫൈനലിൽ എത്തിയിട്ട് പോലും പോസറ്റീവ് ഗോൾ ഡിഫറൻസ് ഉണ്ടായിരുന്നില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ തലപ്പത്ത് അഴിച്ചുപണികൾ നടത്തിയെങ്കിലും അടുത്ത സീസണിൽ മികച്ച ടീമിനെ ഇറക്കി കാണികളെ ഗ്രൗണ്ടിൽ എത്തിക്കുക എന്നത് മാനേജ്മെന്റിന് കടുത്ത വെല്ലുവിളിയാണ്.