ഐ എസ് എല്ലിൽ തങ്ങളുടെ രണ്ടാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. കേരളത്തിന്റെ സ്വന്തം ഹോം സ്റ്റേഡിയമായ കലൂരിലാണ് ഇന്നത്തെ പോര് നടക്കുന്നത്. മുംബൈ സിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികൾ. ആദ്യ മത്സരത്തിൽ എ ടി കെയെ അവരുടെ നാട്ടിൽ ചെന്ന് പരാജയപ്പെടുത്തിയ കേരളം ഇന്ന് സ്വന്തം കാണികളുടെ മുന്നിലും വിജയം ആവർത്തിക്കാം എന്നാണ് വിശ്വസിക്കുന്നത്.
ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ട് ഗോളുകളുടെ വിജയം എന്നതിന് അപ്പുറം കേരളം ഒരു ടീമായി കളിക്കുന്നത് കണ്ടു എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധാകരെ സന്തോഷിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ കണ്ടതിനേക്കാൾ ഒക്കെ ഒത്തിണക്കത്തോടെ ആയിരുന്നു കേരളം ആദ്യ മത്സരത്തിൽ കളിച്ചത്.
മുൻ നിരയിൽ അണിനിരക്കുന്ന സ്റ്റൊഹാനൊവിചും പൊപ്ലാനികും ആദ്യ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തിയതും കേരളത്തിന് ആത്മവിശ്വാസം നൽകുന്നു. മധ്യനിരയിൽ ഇറങ്ങിയ നികോളയും മികച്ച പ്രകടനമായിരുന്നു ആദ്യ മത്സരത്തിൽ കാഴ്ച വെച്ചത്. ഡിഫൻസീവ് മിഡായി ഇറങ്ങിയ നിക്കോള കേരള ഡിഫൻസിന് മുന്നിൽ വൻ മതിലായി നിൽക്കുകയും കളിയുടെ സ്പീഡ് നിയന്ത്രിക്കുകയും ചെയ്തിരുന്നു.
ആദ്യ മത്സരത്തിൽ നിന്ന് ഒരു മാറ്റം മാത്രമെ ഇന്ന് ആദ ഇലവനിൽ പ്രതീക്ഷിക്കുന്നുള്ളൂ. സഹൽ അബ്ദുൽ സമദിന് പകരം പെകൂസൺ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും.
ജംഷദ്പൂരിനോട് സ്വന്തം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയാണ് മുംബൈ കൊച്ചിയിലേക്ക് വണ്ടി കയറിയത്. വിജയ പാതയിൽ എത്താൻ വേണ്ടി കാര്യമായ മാറ്റങ്ങൾ മുംബൈ ഇന്ന് നടത്തിയേക്കാം. കൊച്ചിയിൽ വന്ന് ഇതുവരെ മുംബൈ സിറ്റി ജയവുമായി മടങ്ങിയിട്ടില്ല.