ഐ എസ് എൽ സീസൺ ആരംഭിക്കാൻ ഇനിയും രണ്ട് മാസത്തിൽ അധികം ഉണ്ട്. പക്ഷെ കേരളത്തിന്റെ ഫുട്ബോൾ ആവേശങ്ങൾക്ക് ഇന്ന് കൊച്ചിയിൽ ആരംഭമാകും. പ്രീസീസൺ ടൂർണമെന്റായി ലാലിഗയുമായി ചേർന്ന് കേരള ബ്ലാസ്റ്റേഴ്സ് ആതിഥ്യം വഹിക്കുന്ന ലാലിഗ വേൾഡ് ടൂർണമെന്റിനാണ് ഇന്ന് കൊച്ചിയിൽ കിക്കോഫ് ആകുന്നത്. മൂന്ന് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ ശക്തികളായ മെൽബൺ സിറ്റിയെ ആണ് നേരിടുക.
കഴിഞ്ഞ സീസണിൽ എ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് മെൽബൺ സിറ്റി. ലീഗിൽ മൂന്നാം സ്ഥാനത്തായിരുന്നു മെൽബൺ ഫിനിഷ് ചെയ്തത്. ഓസ്ട്രേലിയക്ക് ലോകകപ്പിൽ അർസാനി എന്ന യുവതാരത്തെ സംഭാവന ചെയ്യാനും ഈ മെൽബൺ സിറ്റിക്ക് കഴിഞ്ഞ വർഷം സാധിച്ചിരുന്നു. അർസാനി കേരളത്തിലേക്ക് വന്നില്ല എങ്കിൽ കൂടിയും മികച്ച ടീമുമായി തന്നെയാണ് കേരളത്തിലേക്ക് വന്നിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾ മറന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസണായി തയ്യാറെടുക്കുന്നത്. ഡേവിഡ് ജെയിംസിന്റെ കീഴിൽ അണിനിരക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് അടിമുടി മാറ്റമുണ്ട്. ഒരു യുവനിര തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ. സി കെ വിനീതിന്റെയും ഹക്കിവിന്റെയും പരിക്ക് ഒഴിച്ചാൽ ടീം ഈ വെല്ലുവിളിക്ക് ഒരുക്കമാണ്.
ധീരജ് സിംഗിനെ ഗോൾ പോസ്റ്റിൽ ഇറക്കിയാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. അനസ് ഏടത്തൊടികയുടെ ഉൾപ്പെടെ നിരവധി താരങ്ങളുടെ ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റവും ഇന്ന് നടക്കും. ആറ് വിദേശ താരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഉള്ളത്. ഇതിൽ മൂന്ന് പേർ ഇന്ത്യൻ മണ്ണിൽ തന്നെ പുതിയവരും. ആറ് പേരും ആദ്യ ഇലവനിൽ എത്താനാണ് സാധ്യത. എത്ര സബ്സ്റ്റിട്യൂഷനും ഇറങ്ങാം എന്നതു കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ മിക്ക താരങ്ങൾക്കും ജെയിംസ് ഇന്ന് അവസരം നൽകിയേക്കും.
ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുക. ഫ്ലവേഴ്സ് ചാനലിലും, സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. കലൂർ സ്റ്റേഡിയത്തിലെ പിന്തുണ കേരള ബ്ലാസ്റ്റേഴ്സിന് ഓസ്ട്രേലിയൻ വമ്പന്മാരോട് പൊരുതാനുള്ള കരുത്ത് നൽകുമെന്ന് വിശ്വസിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial