ഒമ്പത് ദിവസത്തിന് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

- Advertisement -

ഐ എസ് എൽ മറ്റൊരു നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങുകയാണ്. ജംഷദ്പൂരിൽ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇതുവരെ ലീഗിൽ പരാജയം അറിയാത്ത ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും. പക്ഷെ ഇരു ടീമുകൾക്കും ഒരു ജയം മാത്രമെ ഇതുവരെ ഉള്ളൂ. ബാക്കി എല്ലാ മത്സരങ്ങളും സമനില ആയിരുന്നു.

സീസണിൽ ഇതുവരെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തിടുത്തു എങ്കിലും ഒരു വിജയം മാത്രമെ ഉള്ളൂ എന്നത് കേരള ബ്ലാസ്റ്റേഴ്സിനും ഡേവിഡ് ജെയിംസിനും സന്തോഷം നൽകുന്ന കാര്യമല്ല. അവസാന രണ്ടു മത്സരങ്ങളിലും അവസാന പത്തു മിനുട്ടുകളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ട് സമനില വഴങ്ങിയത്. ലീഡ് എടുത്തു കഴിഞ്ഞാൽ കേരളം കാണിക്കുന്ന അലസത ഇല്ലാതാക്കാനാകും ഡേവിഡ് ജെയിംസ് കൂടുതൽ ശ്രദ്ധിക്കുക.

കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്ന പൊപ്ലാനിക്ക് ഇന്ന് വീണ്ടും ആദ്യ ഇലവനിൽ എത്തിയേക്കും. തന്റെ സീസണിലെ ആദ്യ ഗോൾ കണ്ടെത്തിയ സി കെ വിനീത് ആദ്യ ഇലവനിൽ തന്നെ തുടരും. സസ്പെൻഷൻ കഴിഞ്ഞ അനസ് എടത്തൊടികയ്ക്ക് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ ഐ എസ് എൽ അരങ്ങേറ്റവും നടന്നേക്കും. പക്ഷെ ആദ്യ ഇലവനിൽ അനസ് എത്തുമോ എന്ന് ഉറപ്പില്ല.

അപരാജിതർ ആണ് എങ്കിലും ജംഷദ്പൂർ അത്ര മികച്ച ഫോമിലല്ല. കഴിഞ്ഞ മത്സരത്തിൽ 10 പേരുമായി കളിച്ച നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്താൻ പോലും ജംഷദ്പൂരിനായിരുന്നില്ല. കാഹിലിന്റെ ഫോമും ജംഷദ്പൂരിനെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ രണ്ട് തവണ ജംഷദ്പൂരിനെ നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ജയവും ഒരു സമനിലയുമായിരുന്നു സമ്പാദ്യം.

Advertisement