മോശം ഫോമിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെറിയ മത്സരമല്ല. ലീഗിലെ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവയെ ആണ് ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത്. ലീഗിൽ അവസാന അഞ്ചു മത്സരങ്ങളിലും ജയിക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സിന് ഇന്നും നിരാശയുമായി കളി അവസാനിപ്പിക്കാൻ ആവില്ല. ഗോളടിച്ചു കൂട്ടുന്ന എഫ് സി ഗോവയെ തളക്കാൻ ഡേവിഡ് ജെയിംസിന് ആകുമോ എന്നതാണ് ചോദ്യം.
കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് തോറ്റത് ചെറിയ സമ്മർദ്ദമൊന്നും അല്ല ഡേവിഡ് ജെയിംസിന് നൽകുന്നത്. ജെയിംസിന്റെ ടീം സെലക്ഷനും കളിക്കുന്ന ഫുട്ബോളും ഒക്കെ കടുത്ത വിമർശനമാണ് നേരിടുന്നത്. ഇന്ന് അതുകൊണ്ട് തന്നെ കാര്യമായ മാറ്റം ടീമിൽ പ്രതീക്ഷിക്കുന്ന. ആരാധകരുടെ നിരന്തരനായ അഭ്യർത്ഥന കണക്കിലെടുത്ത് അനസ് എടത്തൊടികയെ ടീമിലേക്ക് എത്തിക്കുമോ എന്നതും ഇന്ന് ഫുട്ബോൾ നിരീക്ഷകർ ഉറ്റു നോക്കുന്നു.
മികച്ച ഫോമിലുള്ള എഫ് സി ഗോവ ഡെൽഹ് ഡൈനാമോസിനെതിരെ തിരിച്ചടിച്ചായിരുന്നു വിജയിച്ചത്. ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ എഫ് സി ഗോവ അടിച്ചിട്ടുണ്ട്. ഗോവയുടെ ഡിഫൻസിലെ പിഴവുകൾ ആകും കേരളത്തിന്റെ ഇന്നത്തെ പ്രതീക്ഷ. കോറോമിനസിന്റെയും എഡു ബേഡിയയുടെയും ഫോമാണ് ഗോവയുടെ കരുത്ത്. ആറു ഗോളുകളും നാലു അസിസ്റ്റുമാണ് കോറോയ്ക്ക് ഈ സീസണിൽ ഉള്ളത്. ലീഗിൽ ഇപ്പോഴത്തെ ടോപ്പ് സ്കോററും കൂടുതൽ അസിസ്റ്റ് കൊടുത്ത ആളും കോറോ തന്നെയാണ്. എഡു ബേഡിയ ആകട്ടെ ഇതുവരെ നാലു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് തങ്ങളുടെ മോശം ഹോം ഫോമും മറികടക്കേണ്ടതുണ്ട്. അവസാന 12 ഹോം മത്സരങ്ങളിൽ വെറും 2 മത്സരങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.