പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കുന്ന 2022 ലെ നെക്സ്റ്റ് ജനറേഷൻ കപ്പിൽ പങ്കെടുക്കാൻ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി റിസർവ് സ്‌ക്വാഡുകളും ബ്രിട്ടണിൽ എത്തി. ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി പ്രീമിയർ ലീഗും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമാണ് ടൂർണമെന്റ്.
ഈ വർഷമാദ്യം നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ (ആർഎഫ്‌ഡിഎൽ) ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്‌ത കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഈ ടൂർണമെന്റിൽ മത്സരിക്കാൻ യോഗ്യത നേടിയിരുന്നു. എട്ട് ടീമുകളുള്ള നെക്സ്റ്റ് ജനറേഷൻ കപ്പിൽ അഞ്ച് പ്രീമിയർ ലീഗ് ക്ലബ്ബ് യൂത്ത് ടീമുകളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു അക്കാദമി ടീമും ആണ് ബെംഗളൂരു എഫ്‌സിക്കും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കും ഒപ്പം ഉള്ളത്.
ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ജൂലൈ 27 ന് ലണ്ടനിലും മിഡ്‌ലാൻഡിലുമായി ആദ്യ മത്സരം നടക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒപ്പം ഗ്രൂപ്പിൽ ക്രിസ്റ്റൽ പാലസ്, സ്പർസ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവരാണ് ഉള്ളത്. ബെംഗളൂരു എഫ് സിയുടെ ഗ്രൂപ്പിൽ ലെസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, സ്റ്റെലൻബോസ്ച് എന്നിവർ ആണ് ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ജൂലൈ 27ന് ആദ്യ മത്സരത്തിൽ സ്പർസിനെ നേരിടും. ബെംഗളൂരു എഫ് സി ലെസ്റ്റർ സിറ്റിയെയും നേരിടും.