ഐ എസ് എൽ ആറാം സീസണ് ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം. കലിപ്പ് അടക്കാനും കടം വീട്ടാനും വീമ്പ് പറയുന്ന ഒരു കേരള ബ്ലാസ്റ്റേഴ്സ് അല്ല ഈ സീസണിൽ ആരാധകർക്ക് മുന്നിൽ ഇറങ്ങുന്നത്. പകരം ആദ്യമായി ചില ലക്ഷ്യങ്ങളോടും പക്വതയോടും ടീമൊരുക്കി ഇറങ്ങുന്ന ഒരു കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഈ സീസണിൽ ഫുട്ബോൾ പ്രേമികൾക്ക് കാണാൻ ആവുക. പരിശീലകൻ ഷറ്റോരി മുതൽ ടീമിലേക്ക് എത്തിയ ഒരോ യുവതാരങ്ങളും ആ മാനേജ്മെന്റിന്റെ പക്വതയുടെ സൂചനകളാണ്.
അവസാന രണ്ടു സീസണുകൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അധികം ഓർക്കാൻ ഇഷ്ടപ്പെടാത്ത സീസണുകൾ ആയിരുന്നു. വമ്പൻ പേരുകളും ആരാധകരുടെ വികാരം ഇളക്കാൻ മാത്രം അറിയുന്ന പരിശീലരും ഒക്കെ ആയി കളത്തിനു പുറത്തു മാത്രം നിറഞ്ഞു നിന്ന കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു അവസാന രണ്ട് സീസണിലും. എന്നാൽ ഇത്തവണ എല്ലാം കരുതലോടെയാണ്. പരിശീലകൻ ഷറ്റോരി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിൽ ഇത്തവണ ഏറ്റവും വലിയ പ്രതീക്ഷ.
ഒരു നല്ല ഫുട്ബോൾ ശൈലി ഉള്ള പരിശീലകൻ. ഇന്ത്യൻ താരങ്ങളെയും ഇന്ത്യൻ ഫുട്ബോളിനെയും നന്നായി അറിയുന്ന പരിശീലകൻ. കഴിഞ്ഞ സീസണിൽ ക്ലബ് ഉടമകൾ വരെ ഉപേക്ഷിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമി വരെ എത്തിച്ചയാൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മാനേജ്മെന്റുമായുള്ള ഉടക്കാണ് ഷറ്റോരിയെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചത്. അത് ഒരു കണക്കിന് കേരളത്തിന് ഭാഗ്യമായെന്ന് പറയാം.
ഷറ്റോരി വന്നതും അദ്ദേഹം എടുത്ത താരങ്ങളും ക്ലബ് റിലീസ് ചെയ്ത താരങ്ങളുമൊക്കെ നല്ലതിന്റെ സൂചനകൾ മാത്രമായിരുന്നു. ഒഗ്ബെചെ, ആർക്കസ്, സുയിവർലൂൺ, സിഡോഞ്ച എന്നിങ്ങനെ ഐ എസ് എല്ലിൽ കഴിഞ്ഞ സീസണിൽ കഴിവ് തെളിയിച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സി എത്തി. ഒപ്പം രാഹുലിനെയും, സാമുവലിനെയും പോലെ വിലമതിക്കാനാവാത്ത യുവതാരങ്ങളും.
ക്ലബ് വിട്ടവർ ഒക്കെ ക്ലബിന് യാതൊരു ഗുണവും അവസാന രണ്ട് സീസണിലും ചെയ്യാത്തവർ ആയിരുന്നു. ലീഗിലെ തന്നെ ഏറ്റവും ചെറുപ്പമുള്ള ടീമാണ് ബ്ലാസ്റ്റേഴ്സിന്റേത്. ഇത് ഈ ഒരൊറ്റ് സീസണിൽ പെട്ടെന്ന് കിരീടം നേടുക എന്നതിൽ ഉപരിയായി ഭാവി കണ്ടു കൊണ്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കമാണ് എന്നതും കാണിച്ചു തരുന്നു.
ഒഗ്ബെചെ ഉൾപ്പെടെയുള്ള താരങ്ങൾ ഉണ്ട് എങ്കിലും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റു നോക്കുന്നത് സഹലിനെ തന്നെയാകും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ആശ്വാസമായിരുന്ന സഹൽ ഇത്തവണ തന്റെ ഏറ്റവും മികവിലേക്ക് എത്തും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. സെൻട്രൽ മിഡ്ഫീൽഡർ റോളിൽ നിന്ന് കുറച്ചു കൂടെ അറ്റാക്കിംഗ് റോളിൽ സഹലിനെ ഷറ്റോരി കളിപ്പിക്കും എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ സഹലിന്റെ ബൂട്ടിൽ നിന്ന് ഇനി എൻഡ് പ്രൊഡക്ടുകളും കാണാൻ ആകും.
കളത്തിൽ ചിത്രം വരക്കുന്നുണ്ട് എങ്കിലും അസിസ്റ്റും ഗോളും സംഭാവന ചെയ്യുന്ന പൂർണ്ണതയിലേക്ക് സഹൽ ഇതുവരെ സീനിയർ കരിയറിൽ എത്തിയിട്ടില്ല. ആ പൂർണതയിലേക്ക് യാത്രയാകുന്ന ആദ്യ സീസണായി ഇത് മാറിയേക്കാം. സഹൽ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രതീക്ഷയെങ്കിൽ ഏറ്റവും വലിയ നിരാശ ജിങ്കൻ ആണ്.
സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രം പരിക്കേറ്റ ജിങ്കൻ ഇത്തവണ കേരള ഡിഫൻസിനൊപ്പം തുടക്കത്തിൽ ഉണ്ടാവില്ല. ജിങ്കന് സെന്റർ ബാക്കിൽ പകരക്കാരനാകാൻ ആളെ കണ്ടെത്താമെങ്കിലും ജിങ്കൻ സഹ കളിക്കാർക്ക് നൽകുന്ന ഊർജ്ജം കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ വലിയ രീതിയിൽ നഷ്ടമാകും. ടീമിൽ ഭൂരിഭാഗവും പുതിയ താരങ്ങൾ ആയതിനാൽ അവരെ ഇണക്കാൻ ജിങ്കനെ പോലൊരു താരം അത്യാവശ്യമായിരുന്നു. ആ അഭാവം ഷറ്റോരി എങ്ങനെ നികത്തും എന്നതും ഉറ്റുനോക്കേണ്ടതാണ്.
ഒക്ടോബർ 20ന് കൊച്ചിയിൽ വെച്ച് എ ടി കെയെ നേരിട്ട് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ ആരംഭിക്കുന്നത്. കിരീടം എന്ന പ്രതീക്ഷയൊക്കെ എല്ലാ ആരാധകർക്കും ഉണ്ട് എങ്കിലും ഇത്തവണ കുറച്ചു കൂടെ ക്ഷമയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സീസണെ നോക്കുന്നത്. പ്രീസീസണിലെ പ്രകടനങ്ങൾ ചെറിയ ആശങ്കകൾ നൽകുന്നുണ്ട് എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യ നാലിൽ എങ്കിലും ഉണ്ടാകുമെന്ന് ഫുട്ബോൾ നിരീക്ഷരൊക്കെ വിലയിരുത്തുന്നു. എ ടി കെ, ബെംഗളൂരു, എഫ് സി ഗോവ എന്നിവരെ കഴിഞ്ഞാൽ ഏറ്റവും നല്ല സ്ക്വാഡ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനാണെന്ന് വിലയിരുത്താം. ടീം പെട്ടെന്ന് ഷറ്റോരിക്ക് മുമ്പിൽ താളം കണ്ടെത്തുകയാണെങ്കിൽ ഒരു അത്ഭുത സീസണായി ഇത് മാറാനും സാധ്യതയുണ്ട്.