കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സീസണ് നിരാശയോടെ അവസാനം. ഇന്ന് ലീഗിലെ അവസാന മത്സരത്തിന്റെ ഫൈനൽ വിസിൽ വരുമ്പോഴും വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. ചുവപ്പ് കാർഡ് ലഭിച്ചതിനാൽ 23ആം മിനുട്ട് മുതൽ 10 പേരുമായി കളിച്ച നോർത്ത് ഈസ്റ്റിനെതിരെ ഒരു ഗോൾ വരെ നേടാൻ കേരളത്തിനായില്ല. ഗോൾ രഹിതമായാണ് മത്സരം അവസാനിച്ചത്.
23ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു കൗണ്ടർ അറ്റാക്ക് തടയുന്നതിനിടെ ആണ് നോർത്ത് ഈസ്റ്റിന് ചുവപ്പ് കാർഡ് കിട്ടിയത്. സ്റ്റഹോനോവിചിനെ വീഴ്ത്തിയതിന് ഗുർവീന്ദർ ആണ് റെഡ് കണ്ടത്. 10 പേരായി ചുരുങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എങ്കിലും വിജയ ഗോൾ കണ്ടെത്താൻ കേരളത്തിനായില്ല. രണ്ട് മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയിരുന്നു. ആദ്യ അവസരം പെകൂസണായിരുന്നു. പെകൂസന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയാണ് ചെയ്തത്. കളിയുടെ ആദ്യ പാദം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലെൻ ദുംഗലിനും മികച്ച അവസരം ലഭിച്ചു. പക്ഷെ ഗോൾ കീപ്പറെ മറികടക്കാൻ ദുംഗലിനും ആയില്ല.
രണ്ടാം പകുതിയിൽ നന്നായി ഡിഫൻഡ് ചെയ്യാൻ നോർത്ത് ഈസ്റ്റിനായി. ആകെ കേരളത്തിന്റെ നല്ല ശ്രമം വന്നത് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് സ്റ്റഹോനോവിച് എടുത്ത ഒരു ഷോട്ടിൽ നിന്ന് മാത്രമായിരുന്നു. ആ ഷോട്ട് ഗോൾ കീപ്പറിലും പോസ്റ്റിലും തട്ടി പുറത്ത് പോയി.
ഇന്നത്തെ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ 18 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി അവസാനിച്ചു. 2 വിജയങ്ങൾ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഉള്ളൂ. ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.