കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ വീരൻ വീണ്ടും എത്തുന്നു

Newsroom

കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ ആയിരുന്ന വരുൺ ത്രിപുരനേനി ടീം വിട്ട ഒഴിവിലേക്ക് എത്തുന്നത് കേരളത്തിന് പരിചയമുള്ള മുഖം തന്നെ. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ ആയി രണ്ട് വർഷം പ്രവർത്തിച്ചിട്ടുള്ള വീരൻ ഡി സിൽവയാണ് വരുണ് പകരക്കാരനായി എത്തുന്നത്. ആദ്യ രണ്ട് ഐ എസ് ലെ സീസണുകളിൽ ആയിരുന്നു വീരൻ കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ ആയി പ്രവർത്തിച്ചിരുന്നത്.

ഡി സിൽവയ്ക്ക് കീഴിൽ ആദ്യ സീസണിൽ ഫൈനലിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് വിദേശ താരങ്ങളെ എത്തിക്കുന്നതിൽ സംഭവിച്ച പിഴവും, ആരാധകർ പൂർണ്ണമായും സ്റ്റേഡിയത്തിൽ നിന്ന് അകന്നതുമാണ് വരുൺ ത്രിപുരനേനിയുടെ സ്ഥാനം തെറിക്കാൻ കാരണം. ഈ സീസണിൽ ഒമ്പതാം സ്ഥാനത്ത് എത്താനെ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുള്ളൂ. പ്രോ കബഡി ടീമിന്റെ സി.ഇ.ഒയായി പ്രവർത്തിക്കുകയായിരുന്നു വീരൻ ഡി സിൽവ. സൂപ്പർ കപ്പ് മുതലാകും വീരന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ചുമതലകൾ ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്സ് ടീമിനെയും ആരാധാകരെയും ഒരുമിപ്പിക്കുക എന്നതാകും പുതിയ സി ഇ ഒയുടെ ആദ്യ ലക്ഷ്യം.