ഇത്തവണ കളിയുടെ അവസാനം ഒന്നും ആകേണ്ടി വന്നില്ല. ആദ്യ പകുതിയിൽ തന്നെ തകർന്ന് അടിയുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ അരീനയിൽ നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പിറകിലാണ്. മോദു സോഗു നേടിയ ഹാട്രിക്കാണ് ആദ്യ പകുതിയിൽ തന്നെ കളി ബ്ലാസ്റ്റേഴ്സിൽ നിന്ന് ദൂരെയാക്കിയത്.
12ആം മിനുട്ടിൽ മക്കാഡോയുടെ ഒരു ക്രോസിൽ നിന്നാണ് സോഗു ഗോൾ വേട്ട തുടങ്ങിയത്. രണ്ടു മിനുട്ടുകൾക്ക് അപ്പുറം ഒരു ലോംഗ് റേഞ്ചറിലൂടെ സോഗു രണ്ടാം ഗോളും നേടി. അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒന്ന് ഉണർന്നു കളിച്ചു. 28ആം മിനുട്ടിൽ അതിന് ഗുണവും ഉണ്ടായി. സഹൽ എടുത്ത് മുന്നേറിയ പന്തിൽ നിന്ന് ദുംഗൽ നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരിച്ചുവന്നു.
പക്ഷെ മിനുട്ടുകൾക്ക് അകം സോഗു വീണ്ടും ബ്ലാസ്റ്റേഴ്സിന് വില്ലനായി. ഇത്തവണ ഒരു ഹെഡറിലൂടെ സോഗു തന്റെ ഹാട്രിക്ക് തികച്ചു. സുഭാഷിഷ് ബോസായിരുന്നു സോഗുവിന്റെ മൂന്നാം ഗോളിനുള്ള ക്രോസ് കൊടുത്തത്. കളിയുടെ അവസാന നിമിഷം ഒരു അനാവാശ്യ ഫൗളിലൂടെ സക്കീർ ചുവപ്പ് കാർഡ് കൂടെ വാങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് പതനം പൂർത്തിയായി.
രണ്ടാം പകുതിയിൽ എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഉണർന്ന് കളിക്കുമോ എന്ന് കണ്ടറിയണം.