ലാലിഗ വേൾഡ് പ്രീസീസൺ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. എതിരില്ലാത്ത ആറ് ഗോളിന്റെ പരാജയമാണ് കലൂരിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ഓസ്ട്രേലിയയിലെ ശക്തരായ മെൽബൺ സിറ്റി പ്രീസീസണാണെന്ന ദയ ഒന്നും കേരള ബ്ലാസ്റ്റേഴ്സിനോട് ഇന്ന് കാണിച്ചില്ല. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ കേരളം രണ്ടാം പകുതിയിൽ നാലു ഗോളുകൾ കൂടെ വഴങ്ങുകയായിരുന്നു.
മികച്ച ഒത്തിണക്കവും ബലവുമുള്ള മെൽബൺ സിറ്റിക്ക് ഒപ്പം പിടിച്ച് നിക്കാൻ കേരളം കഷ്ടപെടുന്നതാണ് ആദ്യ പകുതി മുതൽ തന്നെ കണ്ടത്. ആദ്യ ഗോൾ വഴങ്ങാൻ 30 മിനുട്ട് എടുത്തത് മാത്രമാണ് കേരളത്തിന് ഇന്ന് നല്ലതായി പറയാനായുള്ളത്. വിഡോസിചിന്റെ ഹെഡറിലൂടെ ആയിരുന്നു ആദ്യം ധീരജ് സിംഗിനെ മെൽബൺ സിറ്റി പരാജയപ്ലെടുത്തിയത്. പിന്നീട് മഗ്രീ ലീഡ് ഇരട്ടിയാക്കി കൊണ്ട് ആദ്യ പകുതി 2-0ന് അവസാനിച്ചു.
രണ്ടാം പകുതിയിൽ എം പി സക്കീർ, ഋഷി ദത്ത്, പെകൂസൺ തുടങ്ങിയവരെ ജെയിംസ് കളത്തിൽ ഇറക്കിയെങ്കിലും മെൽബണ് ശക്തി കൂടി വരുകയാണ് ചെയ്തത്. ബ്രൂണോ ഫർനരോലി, റാമി, വെയിൽസ്, മഗ്രീ എന്നിവരാണ് രണ്ടാം പകുതിയിൽ മെൽബണായി സ്കോർ ചെയ്തത്. ധീരജ് സിംഗ് എന്ന യുവതാരത്തിന് ഇങ്ങനെയൊരു അരങ്ങേറ്റം നിരാശ നൽകും. മികച്ച സേവുകൾ ധീരജ് നടത്തിയെങ്കിലും ധീരജിനെ സഹായിക്കാൻ പാകത്തിൽ മെൽബൺ അറ്റാക്കിനെ തടയാൻ കേരള ഡിഫൻസിനായിരുന്നില്ല.
കേരളത്തിന് സ്കോർ ചെയ്യാൻ ഒരു സുവർണ്ണാവസരം സ്ലാവിയയിലൂടെ ലഭിച്ചിരുന്നു എങ്കിലും അത് ലക്ഷ്യത്തിൽ എത്തിക്കാൻ കേരളത്തിന്റെ പുതിയ സ്ട്രൈക്കർക്കായില്ല. ടൂർണമെന്റിലെ അടുത്ത മത്സരം ജൂലൈ 27ന് മെൽബൺ സിറ്റിയും ജിറോണയും തമ്മിലാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial