കേരള ബ്ലാസ്റ്റേഴ്സ് പതിവ് ആവർത്തിച്ചിരിക്കുകയാണ്. വീണ്ടും പരിശീലകനെ പുറത്താക്കിയിരിക്കുകയാണ്. ഇന്ന് ഹൈദരാബാദ് എഫ് സിയോട് കൂടെ പരാജയപ്പെട്ടതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കിബു വികൂനയെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റിയത്. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു. സീസണിൽ പലപ്പോഴും പ്രതീക്ഷകൾ നൽകുന്ന പ്രകടനങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തി എങ്കില അവസാന ഫലം എപ്പോഴും നിരാശം മാത്രമാണ് നൽകിയത്.
കഴിഞ്ഞ സീസണ മോഹൻ ബഗാന് ഐലീഗ് കിരീടം നേടിക്കൊടുത്ത ശേഷമായിരുന്നു വികൂന കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മികച്ച ടീം ഒരുക്കി എങ്കിലും കോവിഡു കാരണം നല്ല പ്രീസീസൺ ഇല്ലാതിരുന്നതും തുടക്കത്തിൽ തന്നെ സിഡോഞ്ച പരിക്കേറ്റ് പുറത്തായതും വികൂനയ്ക്ക് തിരിച്ചടിയായി. മാത്രമല്ല ഡിഫൻസിൽ പരിചയസമ്പത്തുള്ള കോനെയും കോസ്റ്റയും ദയനീയ പ്രകടനം നടത്തിയതും വികൂനയ്ക്ക് വിനയായി.
സീസണിലാകെ മൂന്ന് വിജയങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. അറ്റാക്കിംഗ് പ്രകടനങ്ങൾ നടത്തി എങ്കിലും കിബുവിന്റെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഡിഫൻസായി മാറി. 17 മത്സരങ്ങളിൽ നിന്നായി 33 ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വഴങ്ങിയത്. കിബു ഇല്ലാതെ ആകും കേരള ബ്ലാസ്റ്റേഴ്സ് ഇനി അവസാന രണ്ടു മത്സരങ്ങൾ കളിക്കുക. ഇഷ്ഫാഖ് ആകും കേരള ബ്ലാസ്റ്റേഴ്സിനെ തൽക്കാലം നയിക്കുക.
 
					












