കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഇന്ന് കൂടെ പരാജയപ്പെട്ടാൽ പ്ലേ ഓഫ് എന്നത് സ്വപ്നത്തിൽ പോലും അവശേഷിക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സിന് അറിയാം. ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ജംഷദ്പൂരുനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. സീസണിൽ ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സമനില ആയിരുന്നു പിറന്നത്.
ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിന്റെ വെല്ലുവിളിക്ക് ഒപ്പം ആരാധകരുടെ പ്രതിഷേധവും നേരിടേണ്ടി വരും. ഭൂരിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ഇന്ന് സ്റ്റേഡിയത്തിൽ വരാതെ പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കി ആരാധകർ സ്റ്റേഡിയത്തിൽ എത്തി മാറ്റത്തിനായി പ്രതിഷേധിക്കും. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും താരങ്ങളും ഒരിക്കലും ആഗ്രഹിക്കാത്ത അവസ്ഥയാകും ഇത്.
സീസണിൽ ഒമ്പതു മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു ജയം മാത്രമാണ് ഡേവിഡ് ജെയിംസിന് നേടാൻ ആയത്. പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്തുന്ന ജംഷദ്പൂർ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ ആകെ ജയിച്ചത് ഒരു മത്സരത്തിൽ ആണെങ്കിൽ ജംഷദ്പൂർ ആകെ പരാജയപ്പെട്ടത് ഒരു മത്സരത്തിലാണ്. കേരള ബ്ലാസ്റ്റേഴ്സിന് കടുപ്പമുള്ള പരീക്ഷണാണ് മുന്നിൽ ഉള്ളത് എന്ന് സാരം.
കാര്യമായ മാറ്റങ്ങളുമായാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്നും ഇറങ്ങുക. പരിക്ക് കാരണം നികോള ഇന്ന് കളിക്കില്ല. പെകൂസണും സ്റ്റോഹാനോവിചും ഇന്ന് കളത്തിൽ തിരിച്ചെത്തിയേക്കും. രാത്രി 7.30നാണ് മത്സരം നടക്കുക.