തുടക്കത്തിലെ അബദ്ധങ്ങൾക്ക് വലിയ വില കൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ്, നന്നായി കളിച്ചിട്ടും മുംബൈക്ക് എതിരെ പരാജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് നന്നായി കളിച്ചിട്ടും പരാജയവുമായി ഗ്രൗണ്ട് വിടേണ്ട ദുർഗതി ആണ് കേരള ബ്ലാസ്റ്റേഴ്സിനുണ്ടായത്. മുംബൈ സിറ്റിക്ക് എതിരെ ഭൂരിപക്ഷം സമയവും മികച്ച ഫുട്ബോൾ കാഴ്ചവെച്ചിട്ടും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടാൻ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഗോവയിൽ വളരെ മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ 11 മിനുട്ടിനിടയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു പെനാൾട്ടി വഴങ്ങി. ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയ കോസ്റ്റയാണ് പെനാൾട്ടി നൽകിയത്. ആ പെനാൾട്ടി എടുത്ത ലെ ഫോണ്ട്രെ ലക്ഷ്യം കാണുകയും ചെയ്തു. ആ ഗോളിന്റെ ക്ഷീണം മാറും മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും വഴങ്ങി. ഇത്തവണ ഒരു വളരെ മോശം ഡിഫൻഡിംഗ് ആണ് ഗോളിൽ കലാശിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ നിശ്ചലമായി നിന്നപ്പോൾ ജാഹുവിന്റെ പാസ് ബൗമസിന്റെ കണ്ടെത്തി. അത് സുഖമായി ജാഹു ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.

ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ ഉണ്ടാക്കി എങ്കിലും ഒന്നും പോലും ലക്ഷ്യത്തിൽ എത്തിയില്ല. സഹലിന്റെ ഒരു ഗംഭീര മുന്നേറ്റം കാണാൻ ആയെങ്കിലും ആ ഷോട്ട് ലോകോത്തര സേവിലൂടെ മുംബൈ ഗോളി അമ്രീന്ദർ തട്ടിയകറ്റി. കളിയിൽ നാൽപ്പതാം മിനുട്ടിൽ പൂട്ടിയക്കും അവസരം ലഭിച്ചു. പക്ഷെ താരവും കേരള ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടില്ല. മറുവശത്ത് മുംബൈ സിറ്റിയും അവസരങ്ങൾ തുലച്ചു കളയുന്നുണ്ടായിരുന്നു.

രണ്ടാം പകുതിയിൽ കളി പൂർണ്ണമായു കേരള ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഒന്നും വലയിലേക്ക് കയറിയില്ല. പന്ത് വലയിൽ കയറിയപ്പോൾ ആകട്ടെ മറെയെ ഓഫ് സൈഡ് വിളിക്കുകയും ചെയ്തു. ഇതിനിടയിൽ രണ്ടാം പകുതിയിൽ വീണ്ടും മുംബൈക്ക് പെനാൾട്ടി ലഭിച്ചു. അത് ആൽബിനോ രക്ഷിച്ചു. ആൽബിനോയുടെ സീസണിലെ മൂന്നാം പെനാൾട്ടി സേവായിരുന്നു ഇത്.

മറുവശത്ത് വിസെന്റെയുടെ ഒരു ലോംഗ് റേഞ്ചർ ബാറിൽ തട്ടി മടങ്ങി. ഇതോടെ തന്നെ ഈ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെതല്ല എന്ന് വ്യക്തമായി. സഹലിന്റെ ഒരു സുവർണ്ണാവസരവും നഷ്ടമാകുന്നത് കണ്ടപ്പോൾ ഇത് ഉറപ്പായി. ഇന്ന് പരാജയപ്പെട്ടു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഈ പ്രകടനത്തിൽ നിന്ന് ഒരുപാട് പോസിറ്റീവ് ആയ കാര്യങ്ങൾ എടുക്കാൻ ഉണ്ട്. പക്ഷെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്ത് തന്നെ നിൽക്കും. മുംബൈ സിറ്റി ഈ വിജയത്തോടെ ഒന്നാമതും എത്തി.