കേരളം ആരെയെങ്കിലും മറക്കാതെ ഉണ്ടെങ്കിൽ അത് അവർക്ക് അഭിമാനകരമായ നിമിഷങ്ങൾ തന്നവരെയാണ്. ഫുട്ബോളിനെ കേരളം സ്നേഹിക്കുന്നത് പോലെ ഭ്രാന്തമായി കൊൽക്കത്തയോ ഗോവയോ സ്നേഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. എന്നാൽ അവിടെയുള്ള ക്ലബുകൾ കിരീടങ്ങൾ നേടി വിജയ ക്ലബുകൾ ആയി എന്നും നിലനിന്നത് കൊണ്ട് തന്നെ കേരളത്തിന്റെ ഫുട്ബോൾ സ്നേഹം റെക്കോർഡുകളിലും സ്റ്റാറ്റിസ്റ്റിക്സിലും എങ്കിലും അവർക്ക് പിറകിലായി. ഫുട്ബോൾ അധികാര കേന്ദ്രങ്ങളിലും കേരളത്തിന് സ്ഥാനം എന്നും പിറകിലായിരുന്നു. അധികാര കേന്ദ്രങ്ങളിൽ ഏതൊരു ദക്ഷിണേന്ത്യൻ മേഖലയും അനുഭവിക്കുന്ന സ്വാഭാവികത ആയി അതിനെ കണക്കാക്കാം. പക്ഷെ ഫുട്ബോളിനെ ഞങ്ങൾ സ്നേഹിക്കുന്നത് പോലെ ആരും സ്നേഹിക്കുന്നില്ല എന്നതാണ് സത്യം.
കപ്പ് നേടിയ ക്ലബുകളേക്കാൾ മണ്മറഞ്ഞു പോയ ക്ലബുകളാണ് കേരള ഫുട്ബോളിൽ കൂടുതൽ. എന്നിട്ടും കേരളം ഫുട്ബോളിനെ സ്നേഹിച്ചു കൊണ്ടേയിരുന്നു. ഇലവൻസിൽ നല്ല ഫുട്ബോൾ കാണാൻ പറ്റിയില്ല എങ്കിൽ സെവൻസ് ഗ്യാലറികളിൽ നിന്നായാലും ഫുട്ബോൾ താരങ്ങൾക്ക് അവർ നിരന്തരം കയ്യടിച്ചു കൊണ്ടേയിരുന്നു. 2004-05 സീസണിൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെയും അന്ന് കിട്ടിയ സ്കൂൾ അവധിയും ആരും മറന്ന് കാണില്ല. അതിനു ശേഷം കേരളത്തിന് ഫുട്ബോളിൽ ഒരു ദശകത്തിനു മുകളിൽ ഒരു കിരീടവും ലഭിച്ചില്ല.
വിവാ കേരള കൂടെ അപ്രത്യക്ഷമായതോടെ ദേശീയ തലത്തിൽ ഒരു ക്ലബ് പോലും നമ്മുക്ക് ഇല്ലാതെ ആയി. ഇതിനു പിറകെ ആണ് ഐ എസ് എൽ വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിലൂടെ കേരളത്തിന് വീണ്ടും ഒരു ക്ലബായി. ആദ്യ സീസൺ അത്ര പ്രൊഫഷണൽ സീസൺ ആയിരുന്നില്ല ഐ എസ് എല്ലിന്. പലരും ഈ പുതിയ ടൂർണമെന്റ് അറിഞ്ഞു വരുന്ന സമയം. പലരും ഈ പുതിയ സംരഭത്തെ സംശയത്തോടെ നോക്കിക്കണ്ട സമയം. എന്നിട്ടും ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ് മലയാളി ഫുട്ബോൾ ആരാധകർക്ക് വലിയ നിമിഷങ്ങൾ സമ്മാനിച്ചു. ആ ഒരൊറ്റ സീസണിൽ ലഭിച്ച നിമിഷങ്ങൾ ഈ ടീമിന് എന്ന് സക്സസ് ഉണ്ടാകുന്നോ അന്ന് വരെ ഈ ടീമിന് പിറകിൽ നിൽക്കാനുള്ള് കരുത്ത് ആരാധകർക്ക് നൽകി എന്ന് പറയാം. സുശാന്തിന്റെ മഴവില്ല് പോലൊരു നിമിഷം എങ്ങനെയാണ് ഫുട്ബോൾ ആരാധകർക്ക് മനസ്സിൽ നിന്ന് എടുത്തു കളയാൻ ആവുക. അത്രയ്ക്ക് സുന്ദരവും ആവേശകരവും ആയിരുന്നല്ലോ നമ്മുക്ക് ആ നിമിഷം.
കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് ക്ഷയിക്കുന്നതും കോപ്പലിന് കീഴിൽ വീണ്ടും പുനർജനിക്കുന്നതും നമ്മൾ കണ്ടു. സി കെ വിനീത് എന്ന കേരള രക്തവും ഒരു കൂട്ടം പോരാളികളും കൂടെ 2016ൽ വീണ്ടും ഞങ്ങൾ ഒരുപാട് സന്തോഷം തന്നു. ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ ഉൾപ്പെടെ ഇന്ത്യയിലെ ഒരോ സ്റ്റേഡിയത്തിലും ലഭിച്ച പിന്തുണ ഇന്ത്യൻ ഫുട്ബോളിൽ മുമ്പ് എങ്ങും കണ്ടിട്ടില്ലാത്ത ഒരു കാര്യമായിരുന്നു. ട്രാവലിങ് ഫാൻസും എവേ ഫാൻസ് സ്റ്റാൻഡ് ടേമും ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ത്യൻ ഫുട്ബോളിലേക്ക് കൂട്ടിച്ചേർത്തു.
അന്ന് വീണ്ടും ഫൈനലിൽ നമ്മുക്ക് കിരീടം കയ്യിൽ ഒതുങ്ങാതെ പോയി. പക്ഷെ അന്ന് കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയ സ്വീകാര്യത കേരള ഫുട്ബോളിനെ ഉണർത്തി. ഗോകുലം കേരള എന്ന ഒരു ക്ലബ് പുതുതായി ഉണ്ടായി. ഗോകുലം മാനേജ്മെന്റ് തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് കേരള ബ്ലാസ്റ്റേഴ്സ് ആണ് അവർക്ക് ഒരു പുതിയ പ്രൊഫഷണൽ ക്ലബ് ആരംഭിക്കാനുള്ള പ്രചോദനം ആയതെന്ന്. ഗോകുലത്തിന് പിന്നാലെ ഒരുപാട് ക്ലബുകൾ. ഇന്ന് 22 ക്ലബുകൾ കളിക്കുന്ന ഒരു പ്രൊഫഷൺ സംസ്ഥാന ലീഗ് നമ്മുക്ക് ഉണ്ട് എന്നത് ഓർക്കണം.
കേരള ഫുട്ബോൾ പുരോഗമനത്തിന്റെ പാതയിലാണ് എന്ന് എല്ലാവരും തിരിച്ചറിഞ്ഞ് തുടങ്ങി. 2017-18 സീസണിൽ കേരളം വീണ്ടും സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. കേരള ബ്ലാസ്റ്റേഴ്സ് ഒന്ന് കിതച്ചു എങ്കിലും ചുറ്റും വസന്തം കാണാൻ ആയി. ഗോകുലം കേരള പുരുഷ ടീം ഡ്യൂറണ്ട് കപ്പ് ഉയർത്തി, പിന്നാലെ അവരുടെ വനിതാ ടീം ഇന്ത്യൻ വനിതാ ലീഗ് ഉയർത്തി, അത് കഴിഞ്ഞ് ആദ്യമായി കേരളത്തിൽ ഒരു പുരുഷ ദേശീയ ലീഗ് കിരീടം ഐ ലീഗ് നേടിക്കൊണ്ട് കേരളത്തിലേക്ക് ഗോകുലം എത്തിച്ചു. ഗോകുലം വനിതകൽ ഏഷ്യയിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കാണാൻ ആയി.
ഇനി നാളെ കേരള ബ്ലാസ്റ്റേഴ്സ് കപ്പ് ഉയർത്തുക കൂടെ ചെയ്താൽ അത് കേരള ഫുട്ബോളിന്റെ അടുത്ത കാലത്തെ വളർച്ചയ്ക്ക് ഒരു അടിവര ഇടുന്നതിന് ഒപ്പം മലയാളി ഫുട്ബോൾ പ്രേമികളുടെ ഭ്രാന്തമായ ഫുട്ബോൾ സ്നേഹം അർഹിച്ച ഒരു പ്രതിഫലം കൂടിയാകും. അവസാന ദിവസങ്ങളിൽ കണ്ട ഫാൻപാർക്കുകൾ ഇപ്പോൾ ഗോവയിലേക്ക് ഒഴുകുന്ന ബ്ലാസ്റ്റേഴ്സ് പതാകകളും ജേഴ്സികളും ഏന്തിയവരും എല്ലാം നാളെയെ നിർണായകമാക്കുന്നു. നാളെ കേരള ബ്ലാസ്റ്റേഴ്സ് കിരീടം ഉയർത്തിയാൽ അത് കേരള ഫുട്ബോളിന്റെ ചരിത്രത്തിലെ പ്രധാന ദിവസമായി മാറും. ഇന്ന് കേരളത്തിനായി കരയുകയും ആർപ്പുവിളിക്കുകയും ചെയ്യുന്ന ആയിരങ്ങളിൽ നിന്ന് ഒരുപാട് സഹലും ഒരുപാട് രാഹുൽ പിറക്കും.
ഫുട്ബോളിന് കിട്ടുന്ന ഈ പിന്തുണ കണ്ട് ഒരുപാട് പേർ ഫുട്ബോളിൽ നിക്ഷേപങ്ങൾ നടത്താൻ തയ്യാറാകും. ഇപ്പോൾ ഉള്ള ക്ലബുകൾ കൂടുതൽ പ്രൊഫഷണലായി തങ്ങളുടെ ക്ലബുകൾ നടത്താനും ആരാധകരെ സ്വന്തമാക്കാനും ശ്രമിക്കും. കേരള ഫുട്ബോൾ എന്നെന്നേക്കുമായി ഉയരത്തിലേക്ക് പറക്കും എന്ന് പ്രത്യാശിക്കാനും നാളത്തെ ഒരു വിജയത്തിനാകും. കിരീടം ഇല്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ കേരള ഫുട്ബോൾ ആരാധകരെ ഒരുമിപ്പിച്ചിട്ടുണ്ട്. ഒരു കിരീടം കൂടെ വന്നാൽ അത് കേരളത്തെ ഒന്നാകെ സന്തോഷത്താൽ മൂടുകയും ചെയ്യും. നാളെ അവസാനിക്കുമ്പോൾ ഒരോ കേരള ഫുട്ബോൾ ആരാധകന്റെ മുഖത്തും ചിരി നിലനിർത്താൻ ഇവാൻ വുകമാനോവിചിന്റെ കേരള ബ്ലാസ്റ്റേഴ്സിന് ആകട്ടെ.