പ്രീസീസൺ ടൂർണമെന്റിലെ അവസാന മത്സരത്തിൽ ലാലിഗ ക്ലബായ ജിറോണയ്ക്കെതിരെ പരാജയപ്പെട്ടു എങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് എതിരില്ലാത്ത് 5 ഗോളുകൾക്കാണ് ലാലിഗ ക്ലബിനോട് കേരളം തോറ്റത്. തങ്ങളെക്കാളും ഒരുപാട് ശക്തരായ ജിറോണയ്ക്കെതിരെ ഈയൊരു തോൽവി പോലും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്. മെൽബൺ സിറ്റിയെ വരെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ച ടീമാണ് ജിറോണ എന്നത് ഓർക്കണം.
കളിയിലെ 4 ഗോളുകൾ പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. ആദ്യ പകുതിയിൽ മികച്ചു നിന്ന കേരള പ്രതിരോധത്തിന് എതിരെ ഒരു ഗോൾ നേടാൻ മാത്രമെ ജിറൊണയ്ക്ക് ആയിരുന്നുള്ളൂ. . ഒന്നാം പകുതിയുടെ അവസാനത്തിൽ പ്രതിരോധ താരം എറിക് മൊന്റസാണ് ജിറൊണക്കായി ആദ്യ ഗോൾ ഇന്ന് നേടിയത്.
രണ്ടാം പകുതിയിൽ കേരള താരങ്ങളെക്കാൾ ഫിറ്റ്നെസ് ഉണ്ടായിരുന്ന ജിറോണ മികവിലേക്ക് ഉയരുകയായിരുന്നു. 54ആം മിനുട്ടിൽ ജിങ്കനും ഗോൾകീപ്പറും പന്ത് ക്ലിയർ ചെയ്യുന്നതിന് പരാജയപ്പെട്ടത് മുതലെടുത്ത് പെഡ്രോ പോറോ ജിറോണയുടെ രണ്ടാം ഗോൾ നേടി. 57ആം മിനുട്ടിൽ യോഹൻ മനിയുടെ ലോ ക്രോസിൽ നിന്ന് ഒരു കിടിലൻ സ്ട്രൈക്കിലൂടെ അലക്സ് ഗ്രാനൽ ജിറൊണയുടെ മൂന്നാം ഗോളും നേടി.
73ആം മിനുട്ടിൽ ബെനിറ്റസ് കാർബെലോയുടെ ഒരു ലോംഗ് റേഞ്ചറിൽ നിന്നാണ് ലീഡ് നാലാക്കി ജിറോന ഉയർത്തിയത്. ബെനിറ്റസിന്റെ ഷോട്ട് അനസിൽ തട്ടി ഡിഫ്ലക്ട് ആയാണ് വലയിലേക്ക് കയറിയത്. കളിയുടെ അവസാന നിമിഷം കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഗാർസിയ ജിറോണയ്ക്കായി അഞ്ചാം ഗോളും നേടി.
കേരളം ജിറോണ ഗോൾമുഖത്ത് ഭീഷണി ഉണ്ടാക്കിയത് ഒരു ഫ്രീ കിക്കിലൂടെ മാത്രമായിരുന്നു. പെകൂസൺ എടുത്ത മികച്ച ഫ്രീകിക്ക് അതിനേക്കാൾ മികച്ച സേവിലൂടെ ജിറോണ ഗോൾകീപ്പർ രക്ഷപ്പെടുത്തുക ആയിരുന്നു.
5 ഗോൾ വഴങ്ങി എങ്കിലും അനസ് എടത്തൊടിക, റാകിപ്, സിറിൽ കാലി എന്നിവർ കളിയിൽ മികച്ചു നിന്നു. മികച്ച സേവും ഒപ്പം ബോക്സിൽ നിറ സാന്നിദ്ധ്യവുമായി ഗോൾകീപ്പർ നവീൻ കുമാറും കളിയിൽ തിളങ്ങി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial