കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പരാജയപ്പെട്ട് ആണ് തുടങ്ങിയത് എങ്കിലും അത്ര നിരാശപ്പെടേണ്ടതില്ല. തീർത്തും പുതിയ ടീമും പുതിയ ടാക്ടിക്സുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങിയത്. എ ടി കെ മോഹൻ ബഗാൻ ആവട്ടെ കഴിഞ്ഞ സീസണിൽ കിരീടം നേടിയ ഏറെക്കുറെ ഒരുമിച്ച് കളിച്ച് നല്ല പരിചയമുള്ള ടീമും. എന്നിട്ടും കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു കളത്തിൽ മികച്ചു നിന്നത്. പരാജയപ്പെട്ട ഏക ഗോൾ വന്നത് ഒരു നിർഭാഗ്യ നിമിഷം കൊണ്ടുമാണ്.
വിസെന്റെക്കും സിഡോഞ്ചക്കും ഒരു പോലെ പന്ത് നഷ്ടമായതു അത് മുതലെടുക്കാൻ പാകത്തിൽ റോയ് കൃഷ്ണ ഉണ്ടായതും എ ടി കെയുടെ ഭാഗ്യമാണ്. അല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ മറികടന്ന് ഒരു നല്ല അവസരം സൃഷ്ടിക്കാൻ പോലും എ ടി കെയ്ക്ക് ആയിരുന്നില്ല. കോനെയും കോസ്റ്റയും അനായാസമായി ഡിഫൻസ് നിയന്ത്രിച്ചു. ഡിഫൻസീവ് മിഡ് ആയുള്ള വിസെന്റെയുടെ പ്രകടനവും നല്ലതായിരുന്നു.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം കിടക്കുന്നത് മധ്യനിരയിലെ ക്രിയേറ്റിവിറ്റിയിൽ ആണ്. പന്ത് സൈഡ് പാസ് ചെയ്ത് സുഖമായി കളി നിയന്ത്രിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആകുന്നുണ്ട് എങ്കിലും ഒരു ത്രൂ പാസോ നല്ല ഫൈനൽ ബോൾ നൽകാനോ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആകുന്നില്ല. ഹൂപ്പറിന് ഒരു അവസരം പോലും ലഭിക്കാതിരുന്നതും ഈ കാരണം കൊണ്ട് തന്നെ. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് നല്ല അവസരങ്ങളും വന്നത് ഇടതു വിങ്ങിലൂടെ ആയിരുന്നു.
വലതു വിങ് ഇന്നാകെ നിരാശപ്പെടുത്തി. പ്രശാന്തിന്റെ പേര് ആദ്യ ഇലവനിൽ കണ്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വിഷമിച്ചത് വെറുതെ അല്ല എന്ന് താരത്തിന്റെ പ്രകടനം കാണിച്ചു തന്നു. വലതു വിങ്ങിൽ പലപ്പോഴും നല്ല പൊസിഷനിൽ പന്ത് ലഭിച്ചിട്ടും പ്രശാന്തിന് ഒരിക്കൽ പോലും അത് മുതലാക്കാനോ നല്ല ക്രോസു ചെയ്യാനോ ആയില്ല. സഹലും ഇന്ന് നിരാശ മാത്രമാണ് നൽകിയത്.
രണ്ടാം പകുതിക്ക് അവസാനം ഫകുണ്ടോ പെരേര ഇറങ്ങിയപ്പോൾ മാത്രമാണ് കുറച്ചെങ്കിലും വേഗത്തിൽ പന്ത് മധ്യനിരയിൽ നിന്ന് അറ്റാക്കിലേക്ക് എത്താൻ തുടങ്ങിയത്. ആദ്യ മത്സരം ആയത് കൊണ്ട് തന്നെ ഈ പ്രശ്നങ്ങളൊക്കെ പെട്ടെന്ന് വികൂന പരിഹരിക്കും എന്ന് കരുതാം. നിശു കുമാർ ആദ്യ ഇലവനിലേക്ക് എത്തുന്നത് കേരള ബ്ലാസ്റ്റേഴ്സിനെ കുറച്ചു കൂടെ മെച്ചപ്പെടുത്തും എന്നും ആദ്യ മത്സരത്തിലെ പ്രശാന്തിന്റെ പ്രകടനം കണ്ടാൽ മനസ്സിലാക്കാം.