ചെന്നൈയിന് എതിരെ നേടിയ എതിരില്ലാത്ത മൂന്നു ഗോൾ വിജയത്തിന്റെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയിൽ ഇറങ്ങും. അടുത്ത കാലത്തായി ഗോവയെ കാണുമ്പോൾ മുട്ടിടിക്കുന്ന ടീമായി ആകില്ല കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവയിൽ ഇറങ്ങുക. നെലോ വിൻഗാഡയുടെ കീഴിൽ പുതിയ ഊർജ്ജവും പുതിയ ശൈലിയും കണ്ടെത്തിയ ടീമായാകും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.
മികച്ച ഫോമിലാണ് ഗോവ എങ്കിലും അതിലൊന്നും വലിയ പേടി കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടാകില്ല. നഷ്ടപ്പെടാൻ ഇനി ഒന്നും ഇല്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് സീസൺ നന്നായി അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്. അവസാന നാലു മത്സരങ്ങളിൽ ഒരു ഗോൾ വരെ വഴങ്ങാത്ത എഫ് സി ഗോവ ഒരു കമ്പ്ലീറ്റ് ടീമായി മാറിയിരിക്കുകയാണ്. അറ്റാക്കിലും ഡിഫൻസിലും ഒരു പോലെ കരുത്തരാണ് ഗോവ. ഇന്ന് വിജയിക്കുകയാണെങ്കിൽ ഗോവയുടെ പ്ലേ ഓഫ് യോഗ്യതയും ഉറപ്പാകും.
കേരളത്തിൽ വന്ന് ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഗോവ 3-1ന്റെ വിജയം സ്വന്തമാക്കിയിരുന്നു. അന്ന് കോറോ ഇരട്ട ഗോളുകളും നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെതിരെ മൂന്ന് മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ കോറോ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ ആകും കേരള ഡിഫൻസ് കോറോയെ സമീപിക്കുക. പെസിചിന്റെ അഭാവത്തിൽ അനസ് തന്നെയാകും ഇന്നും ജിങ്കന് ഒപ്പം സെന്റർ ബാക്കായി ഇറങ്ങുക. ഗോൾ വലയിൽ മിന്നുന്ന ഫോമിലുള്ള ധീരജ് സിങും ഉണ്ട്.
കഴിഞ്ഞ കളിയിൽ തന്റെ ആദ്യ ഗോൾ കണ്ടെത്തിയ സഹലിന്റെ പ്രകടനവും ആരാധകർ ഉറ്റുനോക്കുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.