ഐ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പുനെ സിറ്റി എഫ്.സിയെ നേരിടും. പൂനെയിലെ ശ്രി ശിവ് ഛത്രപതി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പോയിന്റ് പട്ടികയിൽ 17 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം കൂടിയേ തീരു. പൂനെയാവട്ടെ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനാവും ശ്രമം.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർച്ചയായ വിജയം നേടിയാണ് പൂനെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. ചെന്നൈയിൻ എഫ്.സിയെയും എ.ടി.കെയേയും പരാജയപ്പെടുത്തിയാണ് പൂനെ വരുന്നത്. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന മലയാളി താരം ആഷിഖ് കുരുണിയൻ ഇന്നും ടീമിൽ ഇടം നേടില്ല. മികച്ച ഫോമിലുള്ള എമിലാനോ അൽഫാറോയും മർസെലിഞ്ഞോയുമാണ് ഗോവയുടെ തുറുപ്പുചീട്ട്. മധ്യ നിരയിൽ മികച്ച ഫോമിലുള്ള ആദിൽ ഖാന് പകരം വെക്കാൻ കേരള നിരയിൽ മികച്ച മധ്യനിര താരമില്ല എന്നത് പൂനെക്ക് മുൻതൂക്കം നൽകും.
കേരള ബ്ലാസ്റ്റേഴ്‌സ് ആവട്ടെ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഡൽഹി ഡൈനാമോസിനെതിരെ കൊച്ചിയിൽ വിജയിച്ചാണ് ഇന്നിറങ്ങുന്നത്. പുതുതായി ടീമിലേക്ക് വന്ന ഗുഡ്ജോൺ കഴിഞ്ഞ ദിവസം രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ ദിവസം ടീമിലേക്ക് എത്തിയ പുൾഗയുടെ വരവും ടീമിന് പുത്തൻ ഉണർവ് നൽകും. പരിക്ക് മാറി ബെർബെറ്റോവും ടീമിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇനിയുള്ള ഓരോ മത്സരവും മരണപോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിന്. ഒരു സമനില പോലും പ്ലേ ഓഫ് പ്രതീക്ഷകൾ തകർക്കുമെന്നിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്.
കഴിഞ്ഞ ദിവസം നടന്ന മുംബൈ സിറ്റി എഫ്.സി – ജാംഷഡ്പൂർ മത്സരത്തിൽ ജാംഷഡ്പൂർ ജയിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു. നേരത്തെ ഡേവിഡ് ജയിംസിന്റെ ആദ്യ മത്സരത്തിൽ കൊച്ചിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1ന് സമനിലയിൽ കലാശിച്ചിരുന്നു. കെസിറ്റോയുടെ അരങ്ങേറ്റം കണ്ട മത്സരത്തിൽ സിഫ്‌നിയോസിന്റെ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial