കേരള പ്രീമിയർ ലീഗ് കിരീടം കേരള ബ്ലസ്റ്റേഴ്സ് സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ വൈരികളായ ഗോകുലത്തെ വീഴ്ത്തി ആണ് ഇന്ന് കിരീടത്തിൽ ബ്ലാസ്റ്റേഴ്സ് മുത്തമിട്ടത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന ഗംഭീര പോരിന് ഒടുവിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ ഗോകുലത്തിനോടുള്ള പരാജയത്തിനുള്ള ഒരു മധുര പ്രതികാരം കൂടിയായി കേരള ബ്ലാസ്റ്റേഴ്സിനിത്.
മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ പിറന്നു. ബ്യൂട്ടിൻ ആന്റണി നൽകിയ ഗംഭീര പാസ് സ്വീകരിച്ച് മുന്നേറിയ ഡാനിയൽ മികച്ചൊരു ലെഫ്റ്റ് ഫൂട്ടർ സ്ട്രൈക്കിലൂടെ വല കണ്ടെത്തി. എന്നാൽ ബ്ലാസ്റ്റേഴ്സ് തകർന്നില്ല. മികച്ച ആരാധക പിന്തുണ ഉള്ളതിന്റെ ഊർജ്ജത്തിൽ ബ്ലാസ്റ്റേഴ്സിന്റെ യുവനിര തിരിച്ചടിച്ചു. ആദ്യം 13ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് റൊണാൾഡോ ഒലിവേരയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി. കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായ പങ്കുവഹിച്ച താരമാണ് റൊണാൾഡോ. മികച്ച ഒരു ഹെഡറിലൂടെ ആയിരുന്നു റൊണാൾഡോയുടെ ഇന്നത്തെ ഗോൾ.
23ആം മിനുട്ടിൽ സാമുവൽ ലിംഗ്ദോഹിലൂടെ ബ്ലസ്റ്റേഴ്സ് ലീഡും എടുത്തു. ബോക്സിന്റെ എഡിജിൽ ലഭിച്ച ഫ്രീകിക്ക് ഒരു കേർലിങ് സ്ട്രൈക്കിലൂടെ ആയിരുന്നു പന്ത് ഫിനിഷ് ചെയ്തത്. പിന്നീട് മൂന്നാം ഗോൾ നേടാൻ അവസരം കിട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് മുന്നിലെത്താൻ ആയില്ല. പിന്നാലെ ഒരു കൗണ്ടറിൽ ഡാനിയൽ ഗോകുലത്തെ വീണ്ടും ഒപ്പമെത്തിച്ചു. ഇത്തവണ ഓഫ്സൈഡ് ട്രാപ് ബീറ്റ് ചെയ്ത് മുന്നേറിയായിരുന്നു ഡാനിയലിന്റെ ഗോൾ.
രണ്ടാം പകുതിയിലും ആവേശൻ കുറഞ്ഞില്ല. 60ആം മിനുട്ടിൽ ലാൽമുവൻസോവയുടെ ഗംഭീര ഫ്രീകിക്കിലൂടെ ഗോകുലം 3-2ന് മുന്നിൽ. പക്ഷെ ആ ലീഡിനും ആയുസ്സ് ഉണ്ടായില്ല. റൊണാൾഡോ അഗസ്റ്റോയുടെ മറ്റൊരു ഗംഭീര ഫിനിഷ്. സ്കോർ 3-3. പിന്നെയും ഇരു ടീമുകളും ആക്രമണം തുടർന്നു. രണ്ട് ഗോൾ കീപ്പർമാരും ലോകനിലവാരമുള്ള സേവുകളുമായി മത്സരം സമനിലയിൽ തന്നെ കാത്തു.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഗോകുലത്തിന്റെ ഒരു ശ്രമം പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. എക്സ്ട്രാ ടൈമിലും ആർക്കും വിജയ ഗോൾ കണ്ടെത്താൻ ആവാത്തതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ ആദ്യ അഞ്ചു കിക്കുകളും ഇരുടീമുകളും വലയിൽ എത്തിച്ചതോടെ സഡൻഡെത്തിലേക്ക് കളി കടന്നു. അവസാനം ഗോകുലത്തിന്റെ എമിൽ ബെന്നിയുടെ കിക്ക് പുറത്ത് പോയതോടെ ബ്ലാസ്റ്റേഴ്സ് കേരള ചാമ്പ്യന്മാരായി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കെ പി എൽ കിരീടമാണിത്. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ തന്നെ ആദ്യ കിരീടമാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലവുമായി രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയിക്കാൻ ബ്ലസ്റ്റേഴ്സിനായിരുന്നില്ല. ഗോകുലത്തിന് ഇത് തുടർച്ചയായ രണ്ടാം കെ പി എൽ ഫൈനൽ പരാജയമാണിത്. കഴിഞ്ഞ സീസൺ ഫൈനലിൽ ഇന്ത്യൻ നേവിയോടും ഗോകുലം പരാജയപ്പെട്ടിരുന്നു.