17 ദിവസത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ ഇറങ്ങുന്നു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിന്റെ 76-ാം മത്സരത്തിൽ ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാനത്ത് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ൽ ബെംഗളൂരു എഫ്‌സിയുമായാണ് ഏറ്റുമുട്ടുന്നത്. ടീമിലെ കോവിഡ് -19 കേസുകൾ കാരണം 17 ദിവസത്തെ നിർബന്ധിത ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.
ജനുവരി 12 ന് ഒഡീഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് അവസാനം കളിച്ചത്. അന്ന് നിഷു കുമാറിന്റെയും ഹർമൻജോത് ഖബ്രയുടെയും ഗോളുകളിൽ വിജയിച്ചിരുന്നു. ടീമിന് ഫിറ്റ്നെസ് വലിയ പ്രശ്നമായിരിക്കും എന്ന് പരിശീലകൻ ഇന്നലെ പറഞ്ഞിരുന്നു. പല കളിക്കാരും അവസാന ദിവസം മാത്രമാണ് പരിശീലനത്തിന് ഇറങ്ങിയത്. അവർ ഒന്നും മാച്ച് ഫിറ്റ് അല്ല എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.
അതേസമയം, തങ്ങളുടെ അവസാന മത്സരത്തിൽ എതിരാളികളായ ചെന്നൈയിൻ എഫ്‌സിയെ 3-0 ന് തകർത്ത് ബെംഗളൂരു എഫ്‌സി മികച്ച ഫോമിലേക്ക് ഉയർന്നിരിക്കുകയാണ്. ചേത്രി തന്റെ മികവിലേക്ക് ഉയർന്നതും ബെംഗളൂരു എഫ് സിയെ കരുത്തരാക്കുന്നു.
രണ്ട് കളികൾ കൈയിലിരിക്കെ, അഞ്ച് വിജയങ്ങളും അഞ്ച് സമനിലകളും ഒരു തോൽവിയും രേഖപ്പെടുത്തി 20 പോയിന്റുമായി ഇവാൻ വുകോമാനോവിച്ചിന്റെ ടീം ലീഗ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ്. സീസൺ ഓപ്പണറിൽ എടികെ മോഹൻ ബഗാനെതിരായ മത്സരത്തിൽ തോറ്റ ബ്ലാസ്റ്റേഴ്സ് അതിനുശേഷം ഇതുവരെ ഒരു കളി പോലും തോറ്റിട്ടില്ല.