അരങ്ങേറ്റം അവിസ്മരണീയമാക്കി നെഗി, ഡൽഹിയിൽ നിന്ന് വിജയം പിടിച്ചെടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

Staff Reporter

19കാരനായ ദീപേന്ദ്ര നെഗി ഐ.എസ്.എല്ലിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോൾ പൊരുതി നിന്ന ഡൽഹിയെ 2-1ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന് ഉജ്വല ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയ കേരളം രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ നെഗി കേരള ബ്ലാസ്റ്റേഴ്സിന് പുതുജീവൻ നൽകുകയായിരുന്നു. രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടിയ നെഗി രണ്ടാമത്തെ ഗോളിനുള്ള പെനാൽറ്റിയും നേടി കൊടുത്തു.

കാലു ഊച്ചയിലൂടെ ഡൽഹിയാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. സെയ്ത്യാസെന്നിനെ പെനാൽറ്റി ബോക്സിൽ പ്രശാന്ത് മോഹൻ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഊച്ച ഡൽഹിക്ക് ലീഡ് നേടി കൊടുത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിറകിലായിരുന്നു.

രണ്ടാം പകുതിയിൽ നെഗിയെ ഇറക്കി പൊരുതാനുറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. അതിന്റെ പ്രതിഫലമെന്നോണം ഐ.എസ്.എല്ലിലെ ആദ്യ ടച്ചിൽ തന്നെ നെഗി ഗോൾ നേടി. കേരളത്തിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് നെഗി ഗോൾ നേടിയത്. ജാക്കിചന്ദ് സിംങ് എടുത്ത കോർണർ നെഗി ഹെഡറിലൊടെ ഗോളാക്കുകയായിരുന്നു.

ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത ഗുഡ്ജോണിനെ ഇറക്കി കേരളം ആക്രമണം ശക്തമാക്കി. ആദ്യ പകുതിയിൽ പെനാൽറ്റി വഴങ്ങിയ പ്രശാന്തിന്‌ പകരമായാണ് ഗുഡ്ജോണിനെ ഇറക്കിയത്.

തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോൾ പിറന്നത്. ഡൽഹി പ്രതിരോധ നിരക്കാരെ മറികടന്ന് പെനാൽറ്റി ബോക്സിലേക്ക് കുതിച്ച നെഗിയെ ഡൽഹി പ്രതിരോധം വീഴ്ത്തിയപ്പോൾ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. പെനാൽറ്റി എടുത്ത ഇയാൻ ഹ്യൂം ഡൽഹി ഗോൾ കീപ്പർ  അർണബ് ദാസ് ശർമക്ക് ഒരു അവസരവും നൽകാതെ വല കുലുക്കി.

തുടർന്ന് മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഡൽഹി സമനില ഗോളിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും കേരള പ്രതിരോധവും ഗോൾ കീപ്പർ സുഭാശിഷ് റോയും  മികച്ച പ്രകടനം കാഴ്ചവെച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇഞ്ചുറി ടൈം നീണ്ടു പോയെങ്കിലും ഗുഡ്ജോണിനെ ഫൗൾ ചെയ്തതിനു പ്രദീപ് ചൗധരി രണ്ടാമത്തെ മഞ്ഞ കാർഡു കണ്ട്  പുറത്ത്പോയതോടെ 10 പേരുമായാണ് ഡൽഹി മത്സരം പൂർത്തിയാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial